ദോഹ– അങ്കമാലി മുനിസിപ്പാലിറ്റിയിൽ നിന്നും സമീപത്തെ 14 പഞ്ചായത്തുകളിൽ നിന്നുമുള്ള അംഗങ്ങളുടെ കൂട്ടായ്മയായ അങ്കമാലി എൻ.ആർ.ഐ അസോസിയേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘അങ്കമാലി കല്യാണത്തലേന്ന്’ സംഗീത പരിപാടി നവംബർ 28ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അങ്കമാലിയിലെ പരമ്പരാഗത “കല്യാണത്തലേന്നിലെ” ഗൃഹാതുരമായ അന്തരീക്ഷം ആവിഷ്കരിച്ചയിരിക്കും പരിപാടി നടക്കുക. സംഗീത നിശക്ക് പുറമേ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് അങ്കമാലി മാങ്ങാക്കറി ഉൾപ്പെടെയുള്ള പ്രാദേശിക വിഭവങ്ങൾ അടങ്ങിയ പരമ്പരാഗത അങ്കമാലി ശൈലിയിലുള്ള അത്താഴ വിരുന്നും ഒരുക്കും. വൈകുന്നേരം 6.30 മുതൽ 8 മണി വരെയാണ് അങ്കമാലി അത്താഴം നൽകുക.
നവംബർ 28ന് ക്യു.എൻ.സി.സിയിൽ നടക്കുന്ന പരിപാടിയിൽ സിനിമാ താരങ്ങളായ രമ്യ നമ്പീശൻ, സിദ്ധാർത്ഥ് മേനോൻ, കലാഭവൻ സതീഷ് പ്രശസ്തമായ ചെമ്മീൻ ബാൻഡ്, സീനിയേഴ്സ് ഫ്യൂഷൻ എന്നിവരും വിവിധ പരിപാടികളുമായി എത്തും. പരിപാടിയുടെ പോസ്റ്റർ പ്രകാശനവും ടിക്കറ്റ് റിലീസിംഗും വാർത്താ സമ്മേളനത്തിൽ വച്ച് നടന്നു.
അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ പ്രസിഡന്റ് വിനോദ് കുമാർ, ജനറൽ സെക്രട്ടറി വിനായക് മോഹൻ, ട്രഷറർ ഡാൻ തോമസ്, ഇവന്റ് ഡയറക്ടർ ഡോ. കൃഷ്ണ കുമാർ, വൈസ് പ്രസിഡന്റ് ജോയ് ജോസ്, ജോയന്റ് സെക്രട്ടറി റിംഗു ബിജു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.