ചെന്നൈ– കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നീക്കത്തെ ചെറുക്കാൻ പുതിയ നിയമനിർമാണത്തിന് ഒരുങ്ങി തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഹിന്ദി ഭാഷ സംസ്ഥാനത്ത് നിരോധിക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിക്കും.
ഹിന്ദിയിൽ എഴുതപ്പെട്ട ഹോർഡിംഗുകൾ, ബോർഡുകൾ, സിനിമകൾ, ഗാനങ്ങൾ എന്നിവ നിരോധിക്കുന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്ന് വിവരങ്ങൾ സൂചിപ്പിക്കുന്നു. ഹിന്ദി നിർബന്ധിച്ച് തമിഴരുടെ ആത്മാഭിമാനത്തെ ഹനിക്കരുതെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ത്രിഭാഷാ നയത്തിന്റെ മറവിൽ ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ തമിഴ്‌നാട് എതിർക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് ഹിന്ദി നിരോധന ബിൽ അവതരിപ്പിക്കുന്നത്.
സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലീഷ്) വിദ്യാഭ്യാസത്തിനും തൊഴിൽ വികസനത്തിനും ഗുണകരമാണെന്നും തമിഴ് ഭാഷയും സംസ്കാരവും സംരക്ഷിക്കാനും താൻ പ്രതിജ്ഞാബദ്ധനാണെന്ന് സ്റ്റാലിൻ അറിയിച്ചു.