ദമാം – കിഴക്കന്‍ പ്രവിശ്യയില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിരോധിത സ്ഥലത്ത് റെഡിമിക്‌സ് ലോറിയില്‍ നിന്നുള്ള കോണ്‍ക്രീറ്റ് ഉപേക്ഷിച്ച് പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത ഇന്ത്യന്‍ പ്രവാസിയെ അറസ്റ്റ് ചെയ്തതായി പരിസ്ഥിതി സുരക്ഷാ സേന അറിയിച്ചു.
നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യക്കാരനെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റഫര്‍ ചെയ്തു. മണ്ണിനെ നേരിട്ടോ അല്ലാതെയോ ദോഷകരമായി ബാധിക്കുന്നതോ മലിനമാക്കുന്നതോ, അതിന്റെ ഉപയോഗക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതോ, അതിന്റെ സ്വാഭാവിക ഗുണങ്ങളെ നശിപ്പിക്കുന്നതോ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതിന് ഒരു കോടി റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് പരിസ്ഥിതി സുരക്ഷാ സേന മുന്നറിയിപ്പ് നല്‍കി.
പരിസ്ഥിതിക്കും വന്യജീവികള്‍ക്കുമെതിരായ കൈയേറ്റങ്ങളെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളില്‍ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യണം. നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യാതൊരു ബാധ്യതയുമില്ലാതെ എല്ലാ പരാതികളും പൂര്‍ണ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്ന് പരിസ്ഥിതി സുരക്ഷാ സേന വ്യക്തമാക്കി.