ഇസ്രായേൽ കൊലപ്പെടുത്തിയ 270-ലധികം മറ്റ് മാധ്യമപ്രവർത്തകരുടെ കൊലപാതകത്തിന് പിന്നാലെയാണ് ഞായറാഴ്ച ഗാസയിൽ കൊല്ലപ്പെട്ട 28 കാരനായ ഫലസ്തീൻ മാധ്യമ പ്രവർത്തകൻ സാലെഹ് അൽ-ജഫറവിയുടെ കൊലപാതകം. സാലെഹ് അൽ-ജഫറവിയുടെ കൊലപാതകത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങളിൽ ദുഖവും പ്രതിഷേധം ഇപ്പോഴും അണയാതെയുണ്ട്. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പ്രവൃത്തിയായി പല മനുഷ്യാവകാശ സംഘടനകളും ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. വെടിനിർത്തൽ പ്രഖ്യാപനം ആഘോഷിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സാലെഹ് അൽ-ജഫറവിയുടെ കൊലപാതകം നടക്കുന്നത് .
2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിൽ നിർണായക പങ്കാണ് സാലെഹ് നിർവഹിച്ചത്. അൽ-സബ്ര ഏറ്റുമുട്ടലുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സാലെഹ് അൽ-ജഫറവിയെ കൊലചെയ്തത്. ഞായറാഴ്ച പുലർച്ചെ കാണാതായതായി പ്രഖ്യാപിച്ച ശേഷം, അദ്ദേഹത്തെ കണ്ടെത്തിയപ്പോൾ അദ്ദേഹം ഒരു പ്രസ് ജാക്കറ്റ് ധരിച്ചിരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ദശലക്ഷക്കണക്കിന് ഫോളോഴ്‌സിനെ അദ്ദേഹം സൃഷ്ടിച്ചിരുന്നു, കൂടാതെ പലസ്തീൻ അഭിലാഷങ്ങൾ, ഗാസയിലെ സ്ഥിതി, പലസ്തീനികളുടെ ദുരവസ്ഥ എന്നിവയെ കേന്ദ്രീകരിച്ചുള്ള ഗാനങ്ങൾ ആലപിക്കുന്നതിലൂടെയും അദ്ദേഹം പ്രശസ്തനായിരുന്നു.
അദ്ദേഹത്തിന് സമൂഹത്തിൽ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്ന പിന്തുണയിൽ ഇസ്രായേൽ അദ്ദേഹത്തെ ‘റെഡ് നോട്ടീസ്’ പട്ടികയിൽ ഉൾപ്പെടുത്തി. ഗാസയിലെ പ്രമുഖ റിപ്പോർട്ടർമാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു സ്വതന്ത്ര പത്രപ്രവർത്തകനായിരുന്നു സാലെഹ് അൽ-ജഫറാവി, ഈ വർഷം ആദ്യം ഇസ്രായേൽ കൊലപ്പെടുത്തിയ അൽ-ജസീറ അറബി പത്രപ്രവർത്തകൻ അനസ് അൽ-ഷെരീഫ് ഉൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധം പുലർത്തി.
നിങ്ങൾ ഞങ്ങളെ ലക്ഷ്യം വെച്ചാലും മുതിർന്നവർ മരിച്ചാലും, കുട്ടികൾ ഞങ്ങളുടെ സ്ഥാനം ഏറ്റെടുക്കുമെന്നും ഈ ദൗത്യം തുടരുമെന്നും ഒരു സന്ദേശം നൽകി അദ്ദേഹം തന്റെ പ്രസ് ജാക്കറ്റ് ഒരു കുട്ടിയുടെ മേൽ വയ്ക്കുന്നത് ലോകം ശ്രദ്ധിച്ചിരുന്നു.
ഒരു മാധ്യമ പ്രവർത്തകനെന്ന എന്നതിലുപരി ടെന്നീസ് കളിക്കുക, ഗാനങ്ങളാലപിക്കുക, ഖുറാൻ മനപാഠമാക്കുക, YouTube-ൽ വീഡിയോകൾ പോസ്റ്റ് ചെയ്യുക എന്നിവ സലെഹ് അൽ-ജഫറവിയുടെ മറ്റു സവിശേഷതകളായിരുന്നു. ഇസ്രായേൽ ജയിലിൽ നിന്ന് സഹോദരൻ മോചിതനാകുന്ന അതേ ദിവസം തന്നെയാണ് സാലെഹ് അൽ-ജഫറാവി ഈ ലോകത്തോട് വിടചൊല്ലിയത്. കാലമെത്ര കഴിഞ്ഞാലും ഈ പോരാളിയുടെ നശ്വരമായ ഓർമ്മകൾ ഗാസയുടെ പോരാട്ട ഭൂമികയുടെ മണ്ണിൽ നിന്നും മായില്ല.