തൃശ്ശൂര്‍– ചികിത്സയില്‍ കഴിയുകയായിരുന്ന സിപിഐ എം നേതാവും മുന്‍ കുന്ദംകുളം എംഎല്‍എ യുമായ ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാല്‍ തിങ്കളാഴ്ചയാണ് കുന്ദംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരവെ ഇന്ന് ഉച്ചക്കാണ് അന്ത്യം. കടവല്ലൂര്‍, കൊരട്ടിക്കര മുള്ളത്ത് പാലിശ്ശേരി വീട്ടില്‍ പി രാമന്‍ നായരുടേയും എം അമ്മിണിയുടേയും മകനാണ്. ഭാര്യ: ഇന്ദിര (അടാട്ട്, ഫാമേഴ്‌സ് ബാങ്ക് ബ്രാഞ്ച് മാനേജര്‍), മക്കള്‍: അശ്വതി (യുകെ), നിഖില്‍ (എഞ്ചിനീയര്‍), മരുമകന്‍: ശ്രീജിത്ത് (ഒമാന്‍). സഹോദരങ്ങള്‍: മാധവനുണ്ണി, എം ബാലാജി (സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം), നാരായണിക്കുട്ടി, രാജലക്ഷ്മി.
2006, 2011 കാലഘട്ടങ്ങളില്‍ കുന്ദംകുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1989 ല്‍ കടവല്ലൂര്‍ പഞ്ചായത്തംഗമായി. നാടക സിനിമ അഭിനേതാവ് കൂടിയായിരുന്നു. സാംസ്‌കാരിക രംഗത്തും സജീവമായി.
സിപിഐഎം കുന്ദംകും ഏരിയാ സെക്രട്ടറിയായ ബാബു 2005-ല്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ അംഗമായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സിഐടിയു തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, കേരളാ കരാട്ടേ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് തുടങ്ങിയ വിവിധ പദവികള്‍ വഹിച്ചു. കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി സ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍കോളെജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളെജ് എന്നിവിടങ്ങൡലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.