ജിദ്ദ – സൗദിയില്‍ വരും മാസങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒക്ടോബറില്‍ ജിസാന്‍, മക്ക, റിയാദ് എന്നീ പ്രവിശ്യകളിലെ ചില ഭാഗങ്ങളില്‍ ശക്തമായ മഴ മുതല്‍ വളരെ കനത്ത മഴക്ക് വരെ സാധ്യതയുണ്ട്.
നവംബറില്‍ മക്ക, ജിസാന്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, ഉത്തര അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ ശക്തമായ മഴ മുതല്‍ വളരെ കനത്ത മഴക്ക് വരെയും ഡിസംബറില്‍ അല്‍ഖസീം, ജിസാന്‍, മദീന, ഉത്തര അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ മിതമായ മഴ മുതല്‍ കനത്ത മഴക്കു വരെയും സാധ്യതയുണ്ട്.
ഈ മാസങ്ങളില്‍ രാജ്യത്തിന്റെ മിക്ക പ്രവിശ്യകളിലും ശരാശരി താപനില സാധാരണ നിരക്കിനേക്കാള്‍ കൂടുതലായിരിക്കും. തബൂക്ക്, മദീന എന്നീ പ്രവിശ്യകളില്‍ താപനില സാധാരണ നിരക്കിനെക്കാള്‍ ഏകദേശം ഒരു ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരിക്കും. അസീര്‍, നജ്റാന്‍, മക്ക, അല്‍ബാഹ എന്നീ പ്രവിശ്യകളില്‍ താപനില ഏകദേശം സാധാരണ നിരക്കിലായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.