ജിദ്ദ – വ്യാജ സ്‌പെയര്‍പാര്‍ട്‌സ് കൈവശം വെക്കുകയും വില്‍പന നടത്തുകയും ചെയ്ത കേസില്‍ ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കും സ്ഥാപന മാനേജര്‍ക്കും ജിദ്ദ അപ്പീല്‍ കോടതി 20,000 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
അല്‍ശാമില്‍ അല്‍നമൂദജി കമ്പനിക്കും സ്ഥാപനത്തിന്റെ മാനേജറായ യെമനി പൗരന്‍ മുഹമ്മദ് അബ്ദുല്ല മഹ്ദി അലിക്കുമാണ് ശിക്ഷ. കമ്പനി ഒരാഴ്ചത്തേക്ക് അടപ്പിക്കാനും സ്ഥാപനത്തിന്റെയും മാനേജറുടെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകരുടെ ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു. സൗദിയില്‍ വാണിജ്യ വഞ്ചനാ കേസുകളിലെ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയാണ് വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുശാസിക്കുന്നത്.