ജിദ്ദ- പേരാമ്പ്രയിൽ നടന്ന തികച്ചും സമാധാനപരമായ ജനാധിപത്യ പ്രതിഷേധ സമരത്തിന് നേരെ നരനായാട്ട് നടത്തി ഷാഫി പറമ്പിൽ എംപിയെ മൃഗീയമായി ആക്രമിച്ച പോലീസിന്റെ നടപടി ജനാധിപത്യ കേരളത്തിന് അപമാനകരമാണെന്നും, ജനപ്രതിനിധികൾക്ക് നേരെയും ജനകീയ നേതാക്കൾക്കെതിരെയും പോലീസിനെ കയറൂരിവിടുന്ന സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും, അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
ശബരിമലയിലെ സ്വർണ മോഷണം അടക്കമുള്ള ഭരണത്തിന്റെ വീഴ്ചകൾ മറച്ചു പിടിക്കാനുള്ള ആസൂത്രിത ശ്രമമാണ് പോലീസിനെ ഉപയോഗിച്ചുകൊണ്ട് പിണറായി വിജയൻ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണത്തിന്റെ അവസാന നാളുകളിലേക്ക് അടുക്കുമ്പോഴും ഭരണ നേട്ടങ്ങൾ ഒന്നും ചൂണ്ടിക്കാണിക്കാൻ ഇല്ലാതെ, തിരഞ്ഞെടുപ്പിനെ നേരിടാൻ ഭയക്കുന്ന സിപിഎമ്മും ഇടതുമുന്നണിയും പിണറായി വിജയനും, യുഡിഎഫിനെയും യുഡിഎഫ് നേതാക്കളെയും ഭീഷണി കൊണ്ടും ആക്രമണം കൊണ്ടും നേരിടാനാണ് പരിപാടിയെങ്കിൽ കേരളത്തിൽ അതിശക്തമായ ജനവികാരം ഉയർന്നു വരുമെന്നും, അത് പിണറായി വിജയൻ സർക്കാരിന്റെ അന്ത്യം കുറിക്കുമെന്നും നേതാക്കൾ വിലയിരുത്തി.
ഷാഫി പറമ്പിലിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് ഇന്ന് പ്രവാസി യു.ഡി.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഷറഫിയ അൽ അബീർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന പ്രതിഷേധ യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.