റിയാദ് – ജറുസലേമിലെ മസ്ജിദുൽ അഖ്‌സ കോമ്പൗണ്ടിൽ ഇസ്രായേലി ഉദ്യോഗസ്ഥരും കുടിയേറ്റക്കാരും അതിക്രമിച്ചു കടന്ന സംഭവത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമാർ ബെൻ ഗ്വിറിന്റെ നേതൃത്വത്തിൽ ഒക്ടോബർ എട്ടിന് പള്ളിയിലുണ്ടായ അതിക്രമങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും പുണ്യസ്ഥലങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ജൂതന്മാരുടെ സുക്കോത്ത് അവധി ദിനത്തിൽ ആയിരത്തിലധികം കുടിയേറ്റക്കാർ പോലീസ് സംരക്ഷണയിൽ അൽ-അഖ്സയിൽ പ്രവേശിക്കുകയും, വിലക്കപ്പെട്ട ഭാഗത്ത് ജൂതമത ആരാധനകൾ നിർവഹിക്കുകയും ചെയ്തിരുന്നു. മുസ്ലിംകളുടെ ആരാധനയ്ക്ക് മാത്രമായി നീക്കിവെച്ച സ്ഥലത്ത് ഇത്തരം മറ്റു മതങ്ങളുടെ അനുഷ്ഠാനങ്ങൾ നടത്തുന്നത് 1994-ലെ ഇസ്രായേൽ-ജോർദാൻ സമാധാന ഉടമ്പടിയുടെ ലംഘനമാണ്. ഈ പ്രകോപനത്തെ ജോർദാൻ, ഖത്തർ, അറബ് ലീഗ്, ഒഐസി എന്നിവയും അപലപിച്ചിരുന്നു.