പെട്രോളിയത്തെ ആശ്രയിക്കുന്നതിൽ നിന്നും മാറി സൗദി അറേബ്യയുടെ സാമ്പത്തിക വ്യവസ്ഥ ഏറെ മുന്നോട്ടു പോയി എന്ന് തെളിയിക്കുന്ന റിപ്പോർട്ട് പുറത്തിറക്കിയിരിക്കുകയാണ് ആഗോള ഫിനാൻഷ്യൽ റേറ്റിങ് ആന്റ് റിസർച്ച് സ്ഥാപനമായ മൂഡീസ്. അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തേക്ക് എണ്ണയിൽ നിന്നല്ലാത്ത വരുമാനത്തിൽ 4.5% മുതൽ 5.5% വരെ ശക്തമായ വളർച്ചയുണ്ടാകുമെന്നാണ് മൂഡീസിന്റെ പ്രവചനം. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതി വലിയ വിജയമാകുന്നു എന്നതിന്റെ സൂചനയാണിത്.
റിപ്പോർട്ട് പ്രകരാം, 2025 അവസാനത്തോടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ എണ്ണയിതര മേഖലയുടെ പങ്ക് ഏകദേശം 57% ആയി ഉയരും. പെട്രോളിയത്തെ ആശ്രയിച്ചിരുന്ന മുൻ ദശകങ്ങളെ വെച്ചു നോക്കുമ്പോൾ ഇത് വലിയൊരു കുതിച്ചുചാട്ടമാണ്. ടൂറിസം, സേവന – അടിസ്ഥാന സൗകര്യ മേഖല തുടങ്ങിയവയിൽ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മാത്രം 2025-നും 2030-നും ഇടയിൽ 1 ട്രില്യൺ സൗദി റിയാൽ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മേൽനോട്ടത്തിലുള്ള വിഷൻ 2030 ആണ് സൗദിയുടെ വളർച്ചയ്ക്കു പിന്നിലെ പ്രധാന ശക്തി. എണ്ണയെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയിൽ നിന്ന് വൈവിധ്യമാർന്ന, വിജ്ഞാന-അധിഷ്ഠിത ശക്തികേന്ദ്രമായി സൗദിയെ മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ വർഷം മധ്യത്തോടെ, വിഷൻ 2030 പ്രകാരമുള്ള 674 പദ്ധതികൾ പൂർത്തിയാക്കുകയും, നടന്നുകൊണ്ടിരിക്കുന്ന 85% പദ്ധതികളും ലക്ഷ്യത്തിലെത്തുകയും ചെയ്തിട്ടുണ്ട്. എണ്ണയല്ലാത്ത വരുമാന ലക്ഷ്യങ്ങളിൽ 98% വും ഇതിനകം തന്നെ രാജ്യം കൈവരിച്ചു. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ആസ്തികൾ ഒരു ട്രില്യൺ ഡോളറിന്റെ തൊട്ടടുത്തെത്തി.
2016-ന് മുമ്പ് ഗവൺമെന്റിന്റെ വരുമാനത്തിന്റെ 70%-ത്തിലധികം എണ്ണയായിരുന്നു. ഇപ്പോൾ എണ്ണയിതര പ്രവർത്തനങ്ങളാണ് വളർച്ചയിൽ ആധിപത്യം സ്ഥാപിക്കുന്നത്. 2019-ൽ ഇ-വിസകൾ അവതരിപ്പിച്ചതോടെ സൗദിയിലേക്കുള്ള അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ എണ്ണം കുത്തനെ ഉയർന്നു. 2016-ൽ 20 ദശലക്ഷത്തിൽ താഴെയായിരുന്ന സന്ദർശകർ 2024-ഓടെ 100 ദശലക്ഷം എന്ന വളർച്ച കൈവരിച്ചു. ഇതിൽ 27 ദശലക്ഷവും അന്താരാഷ്ട്ര ടൂറിസ്റ്റുകളായിരുന്നു. ജിഡിപിയിലേക്ക് ടൂറിസം മാത്രം 5 ശതമാനത്തോളം സംഭാവന ചെയ്യുന്നുണ്ട്.
വ്യക്തമായ കാഴ്ചപ്പാടും ശക്തമായ നേതൃത്വവും സൗദിയുടെ ശോഭനമായ സാമ്പത്തിക ഭാവിയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നു കാണിക്കുന്നതാണ് മൂഡീസിന്റെ ശുഭാപ്തി വിശ്വാസം നിറഞ്ഞ പ്രവചനം. വിഷൻ 2030-ന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, സൗദിയുടെ ഈ സാമ്പത്തിക മുന്നേറ്റം ആധുനിക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറുകയാണ്.