അബൂദാബി– ദന്ത ചികിത്സയെ തുടർന്ന് ദുരിതമനുഭവിച്ച രോഗിക്ക് ഒരു ലക്ഷം ദിർഹം (ഏകദേശം 24 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ അബൂദാബി കോടതി ഉത്തരവിട്ടു. മോണ വീക്കവും വേദനയും കാരണം സ്വകാര ക്ലിനിക്കിൽ ചികിത്സ തേടിയ രോഗിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായിരുന്നു. എന്നാൽ ചികിത്സക്ക് ശേഷം രോഗിയുടെ നാവിന്റെ ഒരു വശത്ത് മരവിപ്പും രുചിയറിയാൻ കഴിയാതെയാവുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ നാഡീവ്യൂഹത്തിന് പരുക്ക് സംഭവിച്ചതായി കണ്ടെത്തി. മോണയിലെ ടിഷ്യു നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടയിലാണ് ഈ പിഴവ് സംഭവിച്ചത്. ചികിത്സിച്ച ഡോക്ടറും സ്വകാര്യ ക്ലിനിക്കും ചേർന്നാണ് രോഗിക്ക് നഷ്ടപരിഹാര തുക നൽകേണ്ടത്.
മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി നടത്തിയ പരിശോധനയിൽ ഡോക്ടർ നൽകിയ ചികിത്സ രീതി തെറ്റായിരുന്നില്ല എന്ന് കണ്ടെത്തി. പക്ഷെ ശസ്ത്രക്രിയക്ക് മുമ്പ് രോഗിയുടെ രേഖാമൂലമുള്ള സമ്മതപത്രം വാങ്ങിയില്ലെന്ന ഗുരുതരമായ വീഴ്ച ഡോക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതായി കമ്മിറ്റി വ്യക്തമാക്കിയിരുന്നു. കൂടാതെ ശസ്ത്രക്രിയയുടെ ഭാഗമായി ഉണ്ടാകാൻ സാധ്യതയുള്ള പാർശ്വഫലങ്ങളെക്കുറിച്ചും ഡോക്ടർ രോഗിയെ കൃത്യമായി അറിയിച്ചില്ല. ഈ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് അബൂദാബി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.