ദുബൈ– യുഎഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം ഒക്ടോബർ 12 ഞായറാഴ്ച അജ്മാൻ ഇന്ത്യൻ അസോസിയേഷനിൽവെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുഎഇയിലെ ഏഴ് എമിറേറ്റുകളിലും അൽ ഐനിലും ഇൻകാസിന്റെ എട്ട് സ്റ്റേറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓണവിളമ്പരം പൂർത്തിയായി.
ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ പ്രഥമ ഗ്ലോബൽ ഐക്കൺ പുരസ്‌കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയ്ക്ക് ചടങ്ങിൽ സമ്മാനിക്കും. കഠിനാധ്വാനത്തിലൂടെ, ലോകത്തോളം ഉയർന്ന ഗ്ലോബൽ മലയാളി എന്നത് മുൻനിർത്തിയാണ് എം.എ. യൂസഫലിയെ ഗ്ലോബൽ ഐക്കൺ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് യുഎഇ ഇൻകാസ് പ്രസിഡന്റ് സുനിൽ അസീസ് അറിയിച്ചു.
കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, കെ സുധാകരൻ എംപി, എം എം ഹസ്സൻ, കെ മുരളീധരൻ, എറണാകുളം എം പി ഹൈബി ഈഡൻ, കെപിസിസി ജനറൽ സെക്രട്ടറി എം ലിജു, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രമണ്യൻ, അൻവർ സാദത്ത് എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ ഉൾപ്പടെയുള്ളവർ പങ്കെടുക്കും. വിവിധ കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ യുഎഇ ഇൻകാസ് പ്രസിഡന്റ് സുനിൽ അസീസ്, ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ, ട്രഷറർ ബിജു എബ്രാഹം, ഓണം ജനറൽ കൺവീനർ സി.എ ബിജു , ഭാരവാഹികളായ ഷാജി പരേത്, ഷാജി ഷംസുദ്ധീൻ, ഷിജി അന്ന ജോസഫ്, സിന്ധു മോഹൻ, ബി.എ നാസർ, റഫീഖ് മട്ടന്നൂർ, അഹമ്മദ് ഷിബിലി, ഹിദായുത്തുള്ള, ടൈറ്റസ് പുല്ലൂരാൻ, അനന്തൻ കണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.