ഹൈദരാബാദ് – ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് ക്യാമ്പസ് വിദ്യാർഥി യൂണിയൻ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് നേരെ എബിവിപി ആക്രമണം. യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റിരിക്കുന്നത്.
ചൊവ്വാഴ്ച കാമ്പസിലെ സാഗർ സ്ക്വയറിൽ നടന്ന റാലിക്കു നേരെയാണ് എ.ബി.വി.പി പ്രവർത്തകർ ആക്രമണം നടത്തിയത്. പലസ്തീൻ അനുകൂല മാർച്ചിന്റെ പോസ്റ്ററുകൾ വലിച്ചുകീറുകയും റാലിയിൽ പങ്കെടുത്ത വിദ്യാർഥികളെ ആക്രമിക്കുകയും ചെയ്തു.
റാലിയിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ തെലങ്കാന പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. ഒരാളെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് ഉടൻ സ്ഥലത്തെത്തി പലസ്തീൻ അനുകൂല പ്രകടനക്കാരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസിന്റെ മൗനാനുവാദത്തോടെയാണ് സംഘ്പരിവാർ വിദ്യാർഥി സംഘടന പ്രവർത്തകർ ആക്രമണം നടത്തിയത്. വിദ്യാർഥി യൂനിയൻ ഭാരവാഹികളായ വികാസ്, ദീന, ആർദ്ര, യൂണിയൻ ജോയിൻ്റ് സെക്രട്ടറിയും ഫ്രറ്റേണിറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നൂറ മൈസൂൻ, ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ഷാഹീൻ എന്നിവർക്കെതിരെയാണ് കേസ്.
പൊലീസിനെ ആക്രമിച്ചു, മറ്റൊരു രാജ്യത്തെ പിന്തുണക്കാനായി ഇന്ത്യയെ അപമാനിച്ചു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. കേസ് പിൻവലിക്കാൻ തെലങ്കാന പൊലീസ് തയാറാവണമെന്നും വിഷയത്തെ രാജ്യവിരുദ്ധമായി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ സമൂഹം ചെറുക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ആവശ്യപ്പെട്ടു.