കയ്‌റോ – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ വെടിനിര്‍ത്തല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഈജിപ്തില്‍ ഇന്ന് നടക്കുന്ന മൂന്നാംദിന ചര്‍ച്ചകളില്‍ ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും തുര്‍ക്കി സംഘവും പങ്കെടുക്കും.
ചര്‍ച്ചകളില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ഖത്തര്‍ വിദേശ മന്ത്രാലയ വക്താവ് മാജിദ് അല്‍അന്‍സാരി അറിയിച്ചു. ഗാസയുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ പങ്കുചേരാന്‍ ഖത്തര്‍ പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഈജിപ്തിലെ ശറമുശ്ശൈഖിലേക്ക് പോകുമെന്ന് മാജിദ് അല്‍അന്‍സാരി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തര്‍ പ്രതിനിധി സംഘം പങ്കെടുത്ത യോഗങ്ങളില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് കൂടിയാലോചനകളുടെ നിര്‍ണായക ഘട്ടത്തിലാണ്. ഗാസ മുനമ്പിലെ വിനാശകരമായ യുദ്ധം അവസാനിപ്പിക്കുന്ന കരാറിലെത്താനുള്ള മധ്യസ്ഥരുടെ നിശ്ചയദാര്‍ഢ്യത്തെ ഇത് സ്ഥിരീകരിക്കുന്നതായി മാജിദ് അല്‍അന്‍സാരി കൂട്ടിച്ചേര്‍ത്തു. ഗാസ വെടിനിര്‍ത്തല്‍ പദ്ധതിയും ബന്ദി മോചന കരാറും മുന്നോട്ട് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ മിഡില്‍ ഈസ്റ്റിലേക്കുള്ള അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നര്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ ഖത്തര്‍ പ്രധാനമന്ത്രി ഈജിപ്തിലേക്ക് പോകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്തുക എന്ന ലക്ഷ്യത്തോടെ ബുധനാഴ്ച ഈജിപ്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇന്റലിജന്‍സ് മേധാവി ഇബ്രാഹിം കാലിന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് തുര്‍ക്കി അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്നത്തെ ചര്‍ച്ചകള്‍ക്കു മുമ്പായി അമേരിക്കന്‍, ഈജിപ്ഷ്യന്‍, ഖത്തരി, ഹമാസ് ഉദ്യോഗസ്ഥരുമായി ഇബ്രാഹിം കാലിന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയതായി സുരക്ഷാ സ്രോതസ്സുകളെ ഉദ്ധരിച്ച് ഏജന്‍സി പറഞ്ഞു. കഴിഞ്ഞയാഴ്ച ദോഹയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ഈജിപ്തില്‍ തുര്‍ക്കി പങ്കെടുത്ത പരോക്ഷ ചര്‍ച്ചാ പ്രക്രിയ ആരംഭിച്ചതെന്ന് അനഡോലു ഏജന്‍സി പറഞ്ഞു.
അതിനിടെ, ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ശറമുശ്ശൈഖ് ചര്‍ച്ചകളുടെ രണ്ടാം ദിവസം വ്യക്തമായ പുരോഗതിയില്ലാതെ അവസാനിച്ചതായി ജര്‍മന്‍ വാര്‍ത്താ ഏജന്‍സി ഡി.പി.എ ഈജിപ്ഷ്യന്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പില്‍ നിന്ന് ഇസ്രായിലി സൈന്യത്തിന്റെ പിന്മാറ്റത്തിനുള്ള സംവിധാനം, ഇസ്രായിലി ജയിലുകളില്‍ നിന്ന് വിട്ടയക്കണമെന്ന് ഹമാസ് ആവശ്യപ്പെടുന്ന ഫലസ്തീന്‍ തടവുകാരുടെ പട്ടിക എന്നിവയെ കുറിച്ചാണ് രണ്ടാം ദിവസം കാര്യമായി ചര്‍ച്ച ചെയ്തത്. ആദ്യ ദിവസത്തെ സ്ഥിതി അതേപടി തുടരുന്നു, ഇസ്രായിലി, ഹമാസ് പ്രതിനിധികള്‍ അവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നു – മുതിര്‍ന്ന ഈജിപ്ഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇസ്രായിലി ബന്ദികളെ മോചിപ്പിച്ച ശേഷം ഇസ്രായില്‍ സൈനിക നടപടികള്‍ പുനരാരംഭിക്കില്ല എന്നതിന് ഹമാസ് പ്രതിനിധി സംഘം ഇപ്പോഴും ശക്തമായ ഉറപ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. ബന്ദി കൈമാറ്റം നടത്തുന്നതിന് മുമ്പ് യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. ഹമാസ് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന തടവുകാരുടെ പട്ടികയില്‍ മര്‍വാന്‍ അല്‍ബര്‍ഗൂത്തി, അഹ്മദ് സഅദാത്ത്, ഹസന്‍ സലാമ, അബ്ബാസ് അല്‍സയ്യിദ് തുടങ്ങിയ പ്രമുഖ ഫലസ്തീന്‍ നേതാക്കളും ഉള്‍പ്പെടുന്നു. ഇസ്രായില്‍ ഗാസയില്‍ ബോംബാക്രമണം പുനരാരംഭിക്കില്ലെന്ന ഉറപ്പ് ഉള്‍പ്പെടെ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.ബന്ദികളുടെ കൈമാറ്റത്തിന് മുമ്പ് ഈ ഉറപ്പുകള്‍ സംബന്ധിച്ച് യാതൊരു പ്രതിജ്ഞാബദ്ധതയും നല്‍കാനോ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനോ ഇസ്രായില്‍ പ്രതിനിധി സംഘം ഇതുവരെ സമ്മതിച്ചിട്ടില്ലെന്നും ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ശറമുശ്ശൈഖ് ചര്‍ച്ചകളില്‍ നിലവില്‍ നിലനില്‍ക്കുന്ന അനുകൂലമായ അന്തരീക്ഷം തുടരുകയാണെങ്കില്‍, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വെള്ളിയാഴ്ചക്ക് മുമ്പ് അന്തിമമാക്കാന്‍ കഴിയുമെന്ന് ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ചര്‍ച്ചകളില്‍ ഉണ്ടാകുന്ന പുരോഗതിയാണ് സ്ഥിതിഗതികളെ നിയന്ത്രിക്കുന്നത്. നിലവിലെ പോസിറ്റീവ് അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന തടസ്സങ്ങള്‍ ഉയര്‍ന്നുവന്നാല്‍ ചര്‍ച്ചകള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കും. എന്നിരുന്നാലും, ഇസ്രായിലി ബന്ദികളെയും ഫലസ്തീന്‍ തടവുകാരെയും കൈമാറുന്നത് സംബന്ധിച്ച് അജണ്ടയില്‍ ധാരണയായിട്ടുണ്ടെന്നും, ഗാസ സിറ്റി, ഖാന്‍ യൂനിസ്, ദെയ്ര്‍ അല്‍ബലഹ് എന്നിവിടങ്ങളില്‍ നിന്നുള്ള സൈനിക പിന്മാറ്റം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൈനിക പിന്മാറ്റം വ്യക്തമാക്കുന്ന മാപ്പുകള്‍ പുനഃപരിശോധിക്കാനുള്ള ധാരണയില്‍ എത്താന്‍ ശ്രമമുണ്ടെന്നും ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പ്രാഥമിക കരാറില്‍ അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ എത്തുമെന്നും തടസ്സങ്ങളുണ്ടായാല്‍, അന്തിമ തീരുമാനം അടുത്ത ഞായറാഴ്ച വരെ നീണ്ടേക്കാമെന്നും ട്രംപ് അത് പ്രഖ്യാപിക്കുമെന്നും ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ വിശ്വസിക്കുന്നു.