ദോഹ- ഇന്ത്യയില്‍ 10 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി ഖത്തര്‍ രംഗത്ത്. കൂടാതെ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റിയുടെ ഓഫീസ് ഇന്ത്യയില്‍ ആരംഭിക്കാനും ഇരു രാജ്യങ്ങളും ധാരണയായി. 2030 ഓടെ ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിനായും ഖത്തറും ഇന്ത്യയും പ്രയത്‌നിക്കും.
ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ ഖത്തര്‍ ഔദ്യോഗിക സന്ദര്‍ശനത്തെത്തുടര്‍ന്നാണ് ശ്രദ്ധേയമായ ഈ തീരുമാനങ്ങളെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി (ക്യുഐഎ) ചെയര്‍മാനുമായ ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍താനിയുമായി നടന്ന വിശദമായ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇന്ത്യയില്‍ നിക്ഷേപിക്കാനും ക്യു.ഐ.എ ഓഫീസ് ആരംഭിക്കാനും തീരുമാനമായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിച്ചു. 2025 ഒക്ടോബര്‍ 5 മുതല്‍ 7 വരെയായിരുന്നു മന്ത്രി പിയൂഷിന്റെ ഖത്തര്‍ സന്ദര്‍ശനം. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്‌മാന്‍ അല്‍ താനി, ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി തുടങ്ങിയവരുമായും വിവിധ വകുപ്പുകളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഖത്തര്‍-ഇന്ത്യ സാമ്പത്തിക, വാണിജ്യ സഹകരണത്തിനായുള്ള സംയുക്ത കമ്മീഷന്റെ യോഗവും ദോഹയില്‍ ചേര്‍ന്നു.


കൂടാതെ ഖത്തര്‍ എയര്‍വേയ്സ്, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റി, ഖത്തര്‍ നാഷണല്‍ ബാങ്ക്, ഖത്തര്‍ ഡെവലപ്മെന്റ് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര ഖത്തരി സാമ്പത്തിക, വാണിജ്യ സ്ഥാപനങ്ങളുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുമായും ഖത്തരി ബിസിനസ്‌മെന്‍ അസോസിയേഷന്‍ (ക്യുബിഎ) അധികൃതരുമായും ഖത്തറിലെ ഇന്ത്യന്‍ ബിസിനസ്സ് പ്രമുഖരുമായും ചര്‍ച്ച നടന്നു. കൂടാതെ ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റി, ഇന്‍വെസ്റ്റ് ഖത്തര്‍, ഖത്തര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്ക് തുടങ്ങിയ മുന്‍നിര ഖത്തരി സ്ഥാപനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തി. ഉത്പാദനം, സാങ്കേതികവിദ്യ, നവീന പദ്ധതികള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ സഹകരണത്തിനും സംയുക്ത സംരംഭങ്ങള്‍ക്കുമുള്ള വഴികള്‍ വിവിധ കൂടിയാലോചനകളില്‍ ചര്‍ച്ച ചെയ്തു.
ഖത്തര്‍ അമീറിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തീരുമാനിച്ചതുപ്രകാരമുള്ള വിവിധ മേഖലകളിലെ ഇന്ത്യ- ഖത്തര്‍ പങ്കാളിത്ത ധാരണയുടെ തുടര്‍ച്ചയാണ് മന്ത്രി പിയൂഷ് ഗോയലിന്റെ സന്ദര്‍ശനവും തീരുമാനങ്ങളും.
വ്യാപാര, നിക്ഷേപ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരു രാഷ്ട്രങ്ങളും പ്രകടിപ്പിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശവും ആശംസകളും ഖത്തര്‍ രാഷ്ട്ര നേതാക്കള്‍ക്ക് കൈമാറിയ മന്ത്രി പിയൂഷ് ലുലു സൂപ്പര്‍മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച ഖത്തറിലെ ഇന്ത്യയുടെ യുപിഐ പേയ്മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കുകയുണ്ടായി.