അബൂദാബി– 2025 സെപ്തംബറിൽ യുഎഇയിൽ സർവീസ് അവസാനിപ്പിച്ച അൾട്രാ ലോ ബജറ്റ് എയർലൈൻ വിസ് എയർ വീണ്ടും സർവീസ് പുനരാരംഭിക്കുന്നു. അബുദാബിയിലേക്കുള്ള വളരെ കുറഞ്ഞ നിരക്കിലുള്ള കാരിയറായ വിസ് എയറിന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയാതായാണ് റിപ്പോർട്ട്. അടുത്ത മാസം മുതലാണ് സർവീസ് പുനരാരംഭിക്കുന്നത്. നവംബർ 20ന് കാറ്റോവൈസ് (പോളണ്ട്), ക്രാക്കോവ് (പോളണ്ട്) എന്നിവിടങ്ങളിൽ നിന്നാണ് ആദ്യ സർവീസ്. വിമാന നിരക്കുകൾ 309 പോളിഷ് സ്ലോട്ടി (ദിർഹം 312) മുതലാണ് തുടങ്ങുന്നത്.
മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യം, നിയന്ത്രണ വെല്ലുവിളികൾ, മറ്റ് ബജറ്റ് എയർലൈനുകളിൽ നിന്നുള്ള കടുത്ത മത്സരം എന്നിവ കാരണമാണ് സർവ്വീസുകൾ നിർത്തിവെക്കുകയാണ് എന്നാണ് ഈ വർഷം ആദ്യത്തിൽ പ്രഖ്യാപിച്ചിരുന്നത്. മിഡിൽ ഈസ്റ്റിൽ തങ്ങൾ മികച്ച യാത്രയാണ് കെട്ടിപ്പടുത്തത്, അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നാണ് വിസ് എയർ സിഇഒ ജോസഫ് വരാഡി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്ന വിവരം വെളിപ്പെടുത്തുന്ന സമയത്ത് പ്രതികരിച്ചിരുന്നത്. വിസ് ബ്രാൻഡ് വികസിപ്പിക്കുന്നതിനുള്ള കഠിന പരിശ്രമത്തിനു പിന്നിൽ പ്രവർത്തിച്ച ജീവനക്കാർക്ക് അദ്ദേഹം നന്ദിയും അറിയിച്ചിരുന്നു.
2025 നവംബർ 30 മുതൽ ബുക്കാറെസ്റ്റിൽ നിന്നും 2025 ഡിസംബർ 1 മുതൽ ബുഡാപെസ്റ്റിൽ നിന്നും ഡിസംബർ 14 ന് ലാർനാക്കയിൽ നിന്നും അബൂദാബിയിലേക്ക് വിമാന സർവീസുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടേക്കുള്ള ഫ്‌ലൈറ്റുകൾക്ക് ഓൺലൈനിൽ കണ്ടെത്താൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ ഡീലുകളാണിതെന്ന് എയർലൈൻസ് അറിയിച്ചു.