മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് താരീഖ് മിഷ്കസ് മലയാളം ന്യൂസിന്റെ പിറവിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ എഴുതുന്ന കുറിപ്പ്..
കാൽ നൂറ്റാണ്ടു മുമ്പ് ഇതുപോലൊരു ഏപ്രിലിലാണ് പ്രവാസികളുടെ പ്രിയ പത്രമായ മലയാളം ന്യൂസ് പിറവിയെടുത്തത്. പ്രവാസി സമൂഹത്തിലെ ഏറ്റവും കരുത്തുറ്റ വിഭാഗമായ മലയാളികൾക്ക് വേണ്ടി, ഒരു വിദേശമാനേജ്മെന്റ് ആരംഭിക്കുന്ന ആദ്യപത്രമായിരുന്നു മലയാളം ന്യൂസ്. ഞങ്ങൾക്ക് മുന്നിൽ മുൻ മാതൃകകൾ ഒന്നുമില്ലായിരുന്നു.
മലയാളം വായിക്കുകയും എഴുതുകയും ചെയ്യുന്ന ആയിരകണക്കിന് മലയാളികൾ സൗദി അറേബ്യയിൽ താമസിക്കുന്നുണ്ടെന്നും അവർ നൽകുന്ന പിന്തുണയുടെ ആത്മവിശ്വാസവുമായിരുന്നു ഞങ്ങളുടെ കരുത്ത്. പത്രം ആദ്യമിറങ്ങിയ ദിവസം മുതൽ ഞങ്ങളത് അനുഭവിച്ചു. മറ്റൊരു ഭാഷക്കുമില്ലാത്ത വിധം, മലയാളത്തെ കേരളം സ്നേഹിച്ചതിന്റെ തെളിവുകൾ കത്തുകളായും ഫോണുകളായും ജിദ്ദ ഫൈസലിയയിലെ ഞങ്ങളുടെ ഓഫീസിൽ വന്നു കൊണ്ടിരുന്നു. കാൽ നൂറ്റാണ്ടായിട്ടും ആ ഓർമ്മകൾ ഇപ്പോഴും എന്നെ തഴുകികൊണ്ടിരിക്കുന്നു.
വിശ്വസ്തരായ വായനക്കാരെ ലഭിച്ചതാണ് കാൽനൂറ്റാണ്ടു കാലത്തോളം ഇടതടവില്ലാതെ മുന്നോട്ടുകുതിക്കാൻ മലയാളം ന്യൂസിനെ സഹായിച്ചത്. ഞങ്ങളെ മുന്നോട്ടു നയിച്ചതും നിലവാരം എല്ലായ്പ്പോഴും ഉയർത്താൻ പ്രേരിപ്പിച്ചതും വിശ്വസ്തരായ വായനക്കാരാണ്. ഉന്നതരായ വായനക്കാരെ ലഭിച്ചതയാണ് മലയാളം ന്യൂസിന്റെ ഭാഗ്യം. നിരവധി നാഴികക്കല്ലുകൾ നിറഞ്ഞ സംഭവബഹുലമായ യാത്രയാണ് മലയാളം ന്യൂസ് പിന്നിട്ടത്. ഓരോ വഴിത്തിരിവുകളിലും വിശ്വാസ്യതയും ആധികാരികവുമായ വാർത്തകൾ സമ്മാനിക്കുന്നതിൽ ഞങ്ങൾ വിട്ടുവീഴ്ച കാണിച്ചില്ല. ആ സ്നേഹം വായനക്കാർ ഞങ്ങൾക്ക് തിരിച്ചുതന്നു.
മലയാളികൾ ഏറെ പങ്കെടുക്കുന്ന സദ്ദസ്സുകളിൽ ചെന്നാൽ അവർ മലയാളത്തെ സ്നേഹിക്കുന്ന പോലെ ഈ പത്രത്തിന്റെ അണിയറ ശില്പികളെയും സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തു. ഞങ്ങളുടെ പ്രിയപ്പെട്ട ചീഫ് എഡിറ്ററായിരുന്ന ഫാറൂഖ് ലുഖ്മാന് ആ സ്നേഹം എമ്പാടും ലഭിച്ചു. അതേസ്നേഹം എന്നോടും മലയാളികൾ പുലർത്തിയിട്ടുണ്ട്.
കാൽനൂറ്റാണ്ടു കാലം മലയാളം ന്യൂസിനോട് പ്രിയപ്പെട്ട വായനക്കാർ കാണിച്ച സ്നേഹത്തിനും വിശ്വാസ്യതയ്ക്കും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.