തൃശൂര്‍ – ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി ജെ പി എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്താവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി ജെ പി – സി പി എം ഡീല്‍ ഉണ്ടാകുമെന്നത് കോണ്‍ഗ്രസിന്റെ മോഹം മാത്രമാണെന്നും രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന പാര്‍ട്ടിയല്ല സി പി എം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് കേരളത്തിന് വിരുദ്ധമായ സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് കനത്ത ശിക്ഷ നല്‍കും. ബി ജെ പി സ്വീകരിച്ച കേരള വിരുദ്ധ നിലപാടിനൊപ്പം കോണ്‍ഗ്രസും ഒപ്പം നിന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സി പി എമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചത് ക സുരേഷ് ഗോപിയെ രക്ഷിക്കാനാണെങ്കില്‍ അത് നടക്കില്ല. സുരേഷ് ഗോപി തൃശ്ശൂരില്‍ പരാജയപ്പെടുമെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ സുരേഷ് ഗോപിക്ക് നേട്ടമുണ്ടാകും എന്ന ആലോചന ബി ജെ പിക്ക് ഉണ്ടാകാം. അതാണ് ഇഡി നടപടിക്ക് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മോഡിയുടെ ഗ്യാരണ്ടി ലഭിച്ചത് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ്. ബി ജെ പി പ്രകടനപത്രികയുടെ ജനകീയ വിചാരണയാവും തിരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കടമെടുപ്പില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് അംഗീകരിച്ചു. ഭരണഘടനാ ബഞ്ചില്‍ എത്തുമ്പോള്‍ കേസിന് വലിയ മാനങ്ങള്‍ കൈവരും. ഫെഡറലിസം സംബന്ധിച്ച നിര്‍ണ്ണായക കേസായി ഇത് മാറും. കേരളത്തെ കുറിച്ച് പ്രധാനമന്ത്രി കടുത്ത ആക്ഷേപം ഉന്നയിക്കുന്നു. സംസ്ഥാനം ഉണ്ടാക്കിയ നേട്ടത്തിന്മേല്‍ കേന്ദ്രത്തിന്റെ ബ്രാന്റിങ്ങാണ് കേന്ദ്രം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കള്ളം പറഞ്ഞ് ശീലം തനിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കരുവന്നൂരിന്റെ കാര്യത്തില്‍ കേരളത്തെ തകര്‍ക്കുക എന്ന സമീപനമാണ് ബി ജെ പി സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ചതാണ് സഹകരണ മേഖല. സഹകരണ മേഖല നല്ല നിലയില്‍. ചില മനുഷ്യര്‍ വഴിതെറ്റിയ നിലപാട് സ്വീകരിച്ചു. അത്തരക്കാര്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് കടന്നിട്ടുണ്ട്. സഹകരണമേഖലയെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.