ദോഹ– ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക വിനിമയം തുടർച്ചയായി ശക്തിപ്പെടുകയാണെന്ന് വിലയിരുത്തൽ. 2024-25ൽ ഉഭയകക്ഷി വ്യാപാരം ഏകദേശം 14.2 ബില്യൺ ഡോളറിലെത്തിയതായി ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ ഖത്തർ സന്ദർശനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു. ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രിയുടെ സന്ദർശനം ഈ പങ്കാളിത്തത്തിന് കൂടുതൽ ആക്കം കൂട്ടും.
മന്ത്രി പീയൂഷിന്റെ സന്ദർശനം 2025 ഓഗസ്റ്റ് 27-28 തീയതികളിൽ ഖത്തറിന്റെ വിദേശ വ്യാപാര കാര്യ സഹമന്ത്രി ഇന്ത്യയിലേക്ക് നടത്തിയ സന്ദർശനത്തിന്റെ തുടർച്ചയാണ്. ആ സന്ദർശന വേളയിൽ അദ്ദേഹം ഉന്നതതല പ്രതിനിധി സംഘത്തെ നയിക്കുകയും നിരവധി പദ്ധതികളെയും മേഖലകളെയും കുറിച്ച് നിക്ഷേപത്തിനായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തിയ ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഖത്തർ ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെ കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഘലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും ബഹുമുഖ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും കൂടുതൽ സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു.