മനാമ– മോട്ടോർസ്‌പോർട്ട് ലോകത്ത് ബഹ്‌റൈനിന്റെ കൊച്ചുമിടുക്കൻ ഷെയ്ഖ് സൈഫ് ബിൻ ഹസൻ അൽ ഖലീഫ ചരിത്രമെഴുതി. റാസ് അൽ ഖൈമയിൽ നടന്ന IAME യുഎഇ ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ മൂന്നാം സ്ഥാനം നേടി സൈഫ് പോഡിയത്തിൽ ഇടംപിടിച്ചു. വെറും എട്ട് വയസ്സുമാത്രം പ്രായമുള്ള ഈ ബാലതാരത്തിന്റെ പ്രകടനം മേഖലയിലെ മോട്ടോർസ്‌പോർട്ട് ലോകത്ത് വലിയ ചർച്ചയായി.
യൂറോപ്പിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള 30-ൽ അധികം പ്രമുഖ കാർട്ടിംഗ് പ്രതിഭകളോട് മത്സരിച്ചാണ് ഷെയ്ഖ് സൈഫ് തന്റെ അസാധാരണ വൈദഗ്ധ്യം തെളിയിച്ചത്. മിനി/മൈക്രോ വിഭാഗത്തിൽ മത്സരിച്ച സൈഫിന്റെ മിന്നുന്ന പ്രകടനം, ബഹ്‌റൈൻ മോട്ടോർസ്‌പോർട്ട് മേഖലയിൽ കൈവരിക്കുന്ന വളർച്ചയെ അടിവരയിടുന്നതായി.
സീസൺ ഓപ്പണറിൽ തന്നെ പോഡിയത്തിൽ ഇടം നേടാനായതിൽ ഷെയ്ഖ് സൈഫ് അതിയായ സന്തോഷം പ്രകടിപ്പിച്ചു.
“സീസൺ ഓപ്പണറിൽ പോഡിയത്തിൽ ഇടംനേടിയത് ഒരു മികച്ച തുടക്കമാണ്. ഞാൻ എന്റെ ടീമായ എക്‌സൽ മോട്ടോർസ്‌പോർട്ടിനൊപ്പം കഠിനമായി പരിശീലിച്ചു. അടുത്ത ആഴ്ചത്തെ റേസുകളിൽ കൂടുതൽ വിജയങ്ങൾക്കായി ഞങ്ങൾ തുടർന്നും പരിശ്രമിക്കും,” ഷെയ്ഖ് സൈഫ് പറഞ്ഞു.
മേഖലയിലെ ഏറ്റവും വിജയകരമായ റേസിംഗ് ടീമുകളിലൊന്നായ എക്‌സൽ മോട്ടോർസ്‌പോർട്ടാണ് ഈ യുവതാരത്തിന് പിന്തുണ നൽകുന്നത്. മിനി മാക്‌സ് കാർട്ടിംഗ് മുതൽ ഫോർമുല 4 മിഡിൽ ഈസ്റ്റ്, യൂറോപ്യൻ ഫോർമുല 4 ചാമ്പ്യൻഷിപ്പ് വരെയുള്ള വിഭാഗങ്ങളിൽ ഈ ടീം മത്സരിക്കുന്നുണ്ട്.
ഈ ശക്തമായ തുടക്കത്തോടെ, ഷെയ്ഖ് സൈഫ് ബിൻ ഹസൻ അൽ ഖലീഫ മേഖലയിലെ ഏറ്റവും വാഗ്ദാനമുള്ള യുവ കാർട്ടിംഗ് പ്രതിഭകളിൽ ഒരാളായി സ്വയം ഉറപ്പിച്ചു കഴിഞ്ഞു. അടുത്ത ആഴ്ച അൽ ഐനിൽ ആരംഭിക്കുന്ന റോട്ടക്സ് ചാമ്പ്യൻഷിപ്പിലും സൈഫ് പങ്കെടുക്കും.