തിരുവനന്തപുരം – സര്‍ക്കാറിന്റെ എന്തെങ്കിലും നേട്ടങ്ങള്‍ പറഞ്ഞു വോട്ട് ചോദിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്ത സ്ഥിതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യു ഡി എഫ് തകര്‍പ്പന്‍ വിജയം നേടും. എല്‍ ഡി എഫും ബിജെപിയും നിരാശരാവുമെന്നും ചെന്നിത്തല പറഞ്ഞു.
ഇരുപതില്‍ 20 സീറ്റും നേടാനുള്ള സാഹചര്യമാണ് യു ഡി എഫിന്. മുഖ്യമന്ത്രിക്ക് സര്‍ക്കാര്‍ നേട്ടങ്ങള്‍ പറഞ്ഞ് വോട്ട് ചോദിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സര്‍ക്കാരിന്റെ നേട്ടങ്ങളെപ്പറ്റി മുഖ്യമന്ത്രി മിണ്ടുന്നില്ല. എട്ടുവര്‍ഷമായി കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ സര്‍ക്കാരാണ് ഇത്. അഴിമതിയിലും കൊള്ളയിലും മുങ്ങി താഴ്ന്ന സര്‍ക്കാര്‍. കെ റെയില്‍ പദ്ധതി ജനങ്ങള്‍ക്ക് ദുസ്വപ്നം. കെ ഫോണ്‍ പൂര്‍ണ്ണ പരാജയം. ആകെ അറിയാവുന്നത് കൊലപാതകമാണ്.
മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുകയാണ്. ചിലപ്പോള്‍ അദ്ദേഹം തന്നെ മൈക്ക് ഒടിച്ചിടും. ഘടകകക്ഷി നേതാക്കള്‍ക്ക് റിപ്പയറിങ് ജോലിയാണ്. മോഡിയെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് സമയമില്ല. ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. ഈ തിരഞ്ഞെടുപ്പ് എല്‍ഡിഎഫ് വാട്ടര്‍ ലൂ ആകും. രാഹുല്‍ ഗാന്ധിയെ പിണറായി വിമര്‍ശിക്കുന്നത് മോഡിയെ സന്തോഷിപ്പിക്കാനാണ്. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് രാഹുല്‍ഗാന്ധിക്ക് ആവശ്യമില്ല. മോഡിയെ എന്തിനാണ് പിണറായിക്ക് ഇത്ര ഭയമെന്നും ചെന്നിത്തല ചോദിച്ചു.