ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഉംറ നിർവഹിക്കാനാകില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ദ മലയാളം ന്യൂസിന്റെ അന്വേഷണത്തോട് പ്രതികരിക്കുകയായിരുന്നു അധികൃതർ.
ഉംറ വിസക്കുള്ള വ്യക്തിഗത അപേക്ഷയിൽ വരുത്തിയ ചില നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള തെറ്റിദ്ധാരണയാണ് ടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് ഉംറ ചെയ്യാനാകില്ലെന്ന തെറ്റായ വാർത്ത പ്രചരിക്കാൻ കാരണം.
ഉംറ വിസക്ക് വ്യക്തിഗതമായി അപേക്ഷിക്കുമ്പോൾ ഇഖാമയുമായി ബന്ധിപ്പിക്കണം എന്നാണ് പുതിയ വ്യവസ്ഥ. അതായത് സൗദിയിലുള്ള ഒരാൾ ഉംറ വിസക്കായി അപേക്ഷിക്കുമ്പോൾ അബ്ഷിർ പ്ലാറ്റ്ഫോം വഴി ഇഖാമയുമായി ബന്ധിപ്പിക്കണം എന്ന് ചുരുക്കം.
ഉംറ വിസക്ക് എത്തിയ ഒരാൾ നിശ്ചിത സമയത്തിനകം തിരിച്ചുപോയില്ലെങ്കിലോ അംഗീകൃത ഹോട്ടലുകളിൽ അല്ലാതെ താമസിച്ചാലോ പിഴ അടക്കമുള്ളവ അപേക്ഷ നൽകിയ ആൾക്കായിരിക്കും ചുമത്തുക. ഇതിന് വേണ്ടിയാണ് അപേക്ഷ ഇഖാമയുമായി ബന്ധിപ്പിക്കുന്നത്. ഇക്കാര്യം തെറ്റിദ്ധരിച്ചാണ് ടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് ഉംറ ചെയ്യാൻ സാധിക്കില്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.