ദുബൈ– ഓൺലൈൻ തട്ടിപ്പിൽ നിന്ന് സുരക്ഷ ഉറപ്പാക്കാൻ ഒറ്റത്തവണ പാസ്വേർഡ് (ഒടിപി) സേവനം നിർത്തലാക്കാൻ ഒരുക്കി യുഎഇ. സെൻട്രൽ ബാങ്ക് നിർദേശങ്ങൾക്കനുസൃതമായി എസ്എംഎസ് ഇടപാടുകൾ നിർത്തലാക്കി പകരം മൊബൈൽ ആപ് വഴിയുള്ള വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കാനാണ് നീക്കം. രാജ്യത്തെ പ്രധാന ബാങ്കുകൾ ഇതിനകം തന്നെ പരിവർത്തനം പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള ബാങ്കുകൾ അടുത്ത വർഷത്തോടെ ഒടിപികൾ നിർത്തലാക്കിയേക്കും. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് ഒടിപി ചോദിച്ച് ഒട്ടേറെയാളുകൾ തട്ടിപ്പിനിരയായിട്ടുണ്ട്.
മൊബൈൽ ആപ്പുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടാത്ത ഉപഭോക്താക്കൾക്ക് ബാങ്കുകളിൽ രേഖാമൂലം അപേക്ഷ നൽകി ഒ.ടി.പിക സേവനം നിലനിർത്താം. എന്നാൽ ഒടിപി ഉപയോഗവുമായി ബന്ധപ്പെട്ട വഞ്ചനാ കേസുകളോ അനധികൃത പണം പിൻവലിക്കലുകൾക്കോ ബാങ്കുകൾ ഉത്തരവാദിത്തം ഏറ്റെടുക്കുകയില്ല. പുതിയ മാറ്റം വേഗതയേറിയതും സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവുമായ സേവനം വാഗ്ദാനം ചെയ്യുന്നതായി ബാങ്കുകൾ വ്യക്തമാക്കി. ഒടിപിക്ക് പകരം ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകൾ ആപ്പ് വഴി സ്ഥിരീകരിക്കാം.
രാജ്യത്തെ സമ്പദ്വ്യവസ്ഥയിലുടനീളമുള്ള ഡിജിറ്റൽ പരിവർത്തനവുമായി പൊരുത്തപ്പെടുന്ന വളരെ പോസിറ്റീവ് ആയ ഒരു ചുവടുവെപ്പാണിതെന്ന് ബാങ്കിംഗ് വിദഗ്ധയായ അവാതിഫ് അൽഹർമൂദി പറഞ്ഞു. 90 ശതമാനത്തിലധികം ഉപഭോക്താക്കളും ഇപ്പോൾ തന്നെ ബാങ്കിംഗ് സേവനങ്ങൾക്കായി മൊബൈൽ ആപ്പുകൾ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നു. പറ്റിക്കപ്പെടാൻ സാധ്യതയുള്ള ഒടിപിയിലേക്കാളും സുരക്ഷിതമാണ് പുതിയ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോക്താക്കളിൽ ഒരു ചെറിയ വിഭാഗം മാറ്റത്തെ എതിർത്തേക്കാം. എന്നാൽ മുൻകാല ഡിജിറ്റൽ മാറ്റങ്ങളെപ്പോലെ പുതിയ സംവിധാനം മാനദണ്ഡമായി മാറുമ്പോൾ പുതിയ തീരുമാനത്തിന് അംഗീകാരം കൈവരിക്കുമെന്ന് അവാതിഫ് അൽഹർമൂദി പറഞ്ഞു. സാമ്പത്തിക സേവനങ്ങളിൽ സൈബർ സുരക്ഷ കർശനമാക്കാനുള്ള യു.എ.ഇ സെൻട്രൽ ബാങ്കിന്റെ നീക്കം ബാങ്കിങ് മേഖലയുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തും.