തിരക്ക് പിടിച്ച ഈ ലോകത്ത് നമ്മൾ ഭൂരിഭാഗം സമയവും ഫോൺ അല്ലെങ്കിൽ ലാപ്‌ടോപ്പിന് ഒപ്പമാണ്. മറ്റുള്ളവരെ നോക്കി ഒന്ന് ചിരിക്കാനോ വർത്തമാനം പറയാനോ പലപ്പോഴും സമയമുണ്ടാകാറില്ല. ഇന്ന് ഒക്ടോബർ 3 വേൾഡ് സ്‌മൈൽ ഡേ. മനസ്സ് നിറഞ്ഞൊരു പുഞ്ചിരി കൊടുക്കാനും വാങ്ങാനും കഴിയുന്നതിനേക്കാള്‍ വലിയൊരു സന്തോഷം വേറെയില്ല.
1999-ൽ മസാച്യുസെറ്റ്സിലെ കൊമേർഷ്യൽ ആർട്ടിസ്റ്റ് ആയ ഹാർവി ബോളാണ് വേൾഡ് സ്‌മൈൽ ഡേ എന്ന ആശയം മുന്നോട്ട് കൊണ്ടുവന്നത്. 1963 ൽ അദ്ദേഹം ഒരു ഐകോണിക് സ്മൈലി ഫേസ് നിർമിച്ചു. ഒരു ഇൻഷുറൻസ് കമ്പനിക്ക് വെറും 45 ഡോളർ പ്രതിഫലം വാങ്ങി ഈ ചിത്രം ഹാർവി വിൽക്കുകയും ചെയ്തു. മനുഷ്യന്റെ ജീവിതത്തിലേക്ക് വാണിജ്യവൽക്കരണം എത്തിയത് കാരണം മനുഷ്യന്റെ ഉള്ളിൽ ചിരി നഷ്ടപ്പെടുമോ എന്ന് അദ്ദേഹത്തിന് ഭയം ഉണ്ടായി. മനുഷ്യൻ എന്നും സന്തോഷമായി ഇരിക്കാൻ വേണ്ടി രാഷ്ട്രീയം, ഭൂമിശാസ്ത്രം, മതം എന്നീ വെല്ലുവിളികളെ മറികടന്ന് അദ്ദേഹം പുഞ്ചിരി ദിനം എന്ന ആശയം മുന്നോട്ട് കൊണ്ടുവന്നു. 2001ൽ ഹാർവി മരിച്ചതിനു ശേഷം, ഹാർവി ബോൾ വേൾഡ് സ്മൈൽ ഫൗണ്ടേഷൻ അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഈ ദിനം എല്ലാ വർഷവും സജീവമായി ആഘോഷിച്ചു തുടങ്ങി. എല്ലാ വർഷവും ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനാചരണം.
പുഞ്ചിരിക്കുന്നതിലൂടെ ശരീരത്തിലെ ഡോപ്പമിൻ, എന്‍ഡോര്‍ഫിന്‍സ്, സെറോടോണിന്‍ തുടങ്ങിയ സന്തോഷ ഹോർമോണുകളുടെ ഉൽപാദനം കൂട്ടുകയും സ്ട്രെസ് ഹോർമോണിൻ്റെ അളവു കുറയ്ക്കുകയും ചെയ്യുന്നു. സന്തോഷ ഹോർമോൺ ശരീരത്തിലെ രക്തസമ്മര്‍ദം കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചിരി ശരീരത്തിലെ പേശികളെ 45 മിനിറ്റ് വരെ വിശ്രമിക്കാൻ അനുവദിക്കുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ഇന്നും നിരവധി ലോക രാജ്യങ്ങൾ ഈ സ്‌മൈൽ ഡേ വിപുലമായി ആഘോഷിക്കാറുണ്ട്. പുഞ്ചിരി ദിനം മറ്റുള്ളവരെ നോക്കി ചിരിക്കുക എന്ന ലക്ഷ്യം മാത്രമല്ല, മറ്റുള്ളവർക്ക് നല്ല കാര്യങ്ങൾ ചെയ്തുകൊടുക്കാനും, ദയ, കരുണ, സ്നേഹം എന്നീ ആശയങ്ങൾ മുറുകെ പിടിക്കാനും കൂടി വേണ്ടിയാണ്.