ന്യൂഡൽഹി– ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ ധാരണയായി. ഒക്ടോബർ അവസാനത്തോടെ സർവീസ് ആരംഭിക്കും.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചു. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (എസ്.സി.ഒ) പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം. നാല് വർഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇരട്ടി തീരുവ ചുമത്തിയതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന ആരോപണത്തെ തുടർന്ന് അമേരിക്ക ഇന്ത്യയ്ക്ക് 50% തീരുവ ഏർപ്പെടുത്തിയിരുന്നു. നിലവിലെ ആഗോള സാഹചര്യത്തിൽ ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുന്നത് നിർണായകമാണ്.