വാഷിങ്ടൺ– ഗാസ സമാധാന പദ്ധതിയിൽ പ്രതികരിക്കാൻ ഹമാസിന് നാല് ദിവസത്തെ സമയം നൽകിയതായി ഡോണൾഡ് ട്രംപ്. “നോ” എന്ന ഉത്തരം വന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പദ്ധതിയിൽ ചർച്ചകൾക്ക് സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും പുനർനിർമാണം നടത്താനുമുള്ള 20 ഇന പദ്ധതി യു.എസ് തയ്യാറാക്കുന്നതായി റിപ്പോർട്ട്. ട്രംപിന്റെ പ്രത്യേക താൽപര്യപ്രകാരം, യു.എസിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണ് പദ്ധതി രൂപപ്പെടുത്തിയത്. യു.എൻ ജനറൽ അസംബ്ലിക്കായി യു.എസിലെത്തിയ അറബ്, മുസ്ലിം രാജ്യങ്ങൾക്ക് പദ്ധതിയുടെ കരട് കൈമാറിയതായി സൂചന. അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന വിറ്റ്കോഫിനെ ചർച്ചകൾക്കായി നിയോഗിച്ചിട്ടുണ്ട്.ഫലസ്തീനികളെ ഗസ്സയിൽ നിന്ന് ഒഴിപ്പിക്കാനുള്ള ട്രംപിന്റെ മുൻനിലപാടിൽ നിന്നുള്ള മാറ്റം പദ്ധതിയിൽ പ്രകടമാണ്. ഹമാസിനെ നിരായുധീകരിച്ച് ഫലസ്തീനികൾക്ക് ഗസ്സയിൽ തുടരാനുള്ള സാഹചര്യം ഒരുക്കുന്ന പദ്ധതി, ഇരുരാഷ്ട്ര പരിഹാരത്തിനുള്ള വഴിയും തുറക്കുന്നു. എന്നാൽ, ‘നിരായുധീകരണം’ ഹമാസിനും ‘ഇരുരാഷ്ട്രം’ ഇസ്രയേലിനും സ്വീകാര്യമല്ലാത്തതിനാൽ, പദ്ധതിയുടെ വിജയം അനിശ്ചിതമാണ്.