തിരുവനന്തപുരം– ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇനിയൊരു അഭിമുഖം നടത്താനവസരം കിട്ടിയാൽ എന്താണ് ആദ്യം പറയുക എന്ന പ്രമുഖ മാധ്യമപ്രവർത്തക സരസ്വതി നാരഗാജന്റെ ചോദ്യത്തിന് ഇന്ത്യയിലെ ലോകപ്രശസ്തനായ പ്രമുഖ മാധ്യമപ്രവർത്തകനും അവതാരകനുമായ കരൺഥാപ്പറിന്റെ ചിരിയോടെയുള്ള മറുപടി ഇതായിരുന്നു: ” ദാഹിക്കുന്നുവെങ്കിൽ ആദ്യം നിങ്ങൾ അൽപ്പം വെള്ളം കുടിക്കൂ…” എന്നായിരിക്കും.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്രമോദിയുമായി നടത്തിയ അഭിമുഖത്തിൽ അനിഷ്ടകരമായ ചോദ്യങ്ങൾ ചോദിച്ചതിൽ പ്രതിഷേധിച്ച് വെള്ളം കുടിച്ച് ഇറങ്ങിപ്പോയത് അനുസ്മരിച്ചായിരുന്നു കരൺഥാപ്പറിന്റെ ഇത്തരമൊരു മറുപടി. മോദിയെ ഇനിയും അഭിമുഖം നടത്താൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ മീഡിയാ അക്കാദമി സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പും കേരളാ പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ച് നടത്തുന്ന ഇന്റർനാഷണൽ മീഡിയാ ഫെസ്റ്റിവൽ ഓഫ് കേരള 2025 -ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ദി ഹിന്ദു ഡപ്യൂട്ടി എഡിറ്റർ സരസ്വതി നാഗരാജനുമായി മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു കരൺഥാപ്പർ.
”പ്രകോപനപരമായതോ മൂർച്ഛയേറിയതോ ആയ ചോദ്യങ്ങൾ ചോദിക്കുന്ന അഭിമുഖങ്ങൾ ചെയ്യുമ്പോൾ സ്വാഭാവികമായും അവരുടെ ഈഗോ പുറത്തുവരും. എല്ലാ മനുഷ്യർക്കും അവരുടേതായ ഈഗോ ഉണ്ടല്ലോ. രാഷ്ട്രീയ നേതാക്കൾക്ക് അവരെ ബാധിക്കുന്നതോ സാമൂഹിക ഇടപെടലിൽ അവർക്ക് സംഭവിച്ച പരാജയങ്ങളോ പ്രശ്നങ്ങളോ കേൾക്കുമ്പോൾ സ്വാഭാവികമായും ഈഗോ പുറത്തുചാടും.
മോദി ഞാനുമായി നടത്തിയ അഭിമുഖത്തിന് ശേഷം ആറോ ഏഴോ തവണ ഞാൻ രേഖാമൂലം തന്നെ ഇ-മെയിൽ വഴി അഭിമുഖത്തിന് ശ്രമിച്ചിട്ടുണ്ട്. ആരെയും പ്രകോപിക്കുകയോ എഴുന്നേൽക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുക എന്നത് എന്റെ ലക്ഷ്യമല്ല. ജനങ്ങൾക്ക് വേണ്ടി, അവരുയർത്തുന്ന ആവശ്യങ്ങളും ചോദ്യങ്ങളും നേതാക്കൾക്ക് മുമ്പിൽ ഉന്നയിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. അതിന് കഠിനമായ ചോദ്യങ്ങൾ ചിലപ്പോൾ സ്വാഭാവികമായും വേണ്ടി വരും. അവ മാധ്യമ അഭിമുഖങ്ങളിലെ പല രീതികളിൽ ഒന്ന് മാത്രമാണ്. ഇന്ന് ഇന്ത്യൻ മാധ്യമങ്ങളിൽ അധികാരി വർഗ്ഗത്തോട് ഇത്തരം ചോദ്യങ്ങളുന്നയിക്കുന്ന അഭിമുഖങ്ങളില്ലെന്ന് തന്നെ പറയാം. പക്ഷെ ലോകാടിസ്ഥാനത്തിൽ ഇന്നും അത്തരം മുൻകൈകൾ തുടരുന്നുണ്ട്.
മോദിയോട് അന്ന് ചോദ്യങ്ങൾ ചോദിച്ചതിനോ അദ്ദേഹം എഴുന്നേറ്റ് പോയതിനോ യാതൊരു പശ്ചാത്തപവും തനിക്കില്ലെന്നും തന്റെ തൊഴിലിന്റെ ഭാഗമായി ചെയ്ത ഒരു കർത്തവ്യ നിർവ്വഹണം മാത്രമായിരുന്നു.”- കരൺഥാപ്പർ വിശദീകരിച്ചു. ജനാധിപത്യ ഇന്ത്യയുടെ സുഖകരമായ മുന്നോട്ടുപോക്കിന് ഇനിയും അത്തരം ചോദ്യങ്ങൾ രാഷ്ട്രീയ സാമൂഹിക നേതാക്കളും പൊതുസമൂഹത്തോട് ബാധ്യതയുള്ള വാണിജ്യ പ്രമുഖരുമെല്ലാം അഭിമുഖീകരിക്കേണ്ടി വരും. സോണിയാഗാന്ധിയുമായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും അഭിമുഖം നടത്താനാഗ്രഹമുണ്ട്. അവരോട് ആവശ്യമുന്നയിക്കുകയും അവർ തയ്യാറാണെന്ന് പറയുകയുമുണ്ടായി. പിന്നീട് വിവരമൊന്നുമുണ്ടായില്ല.
രാജ്ദീപ് സർദേശായി, ബർഖാ ദത്ത്,ശിവ് തരൂർ എന്നിവരാരെങ്കിലലും തന്നെ അഭിമുഖം നടത്തിയാൽ താനേറെ സന്തോഷവാനാണ്. തന്റെ ഈഗോയെ കൊള്ളുന്ന ചോദ്യങ്ങൾ ചോദിക്കുന്നതിലും തനിക്ക് ഒരു പ്രയാസവുമില്ലെന്നും ആരൊക്കെയാണ് താങ്കളെ അഭിമുഖം നടത്താനാഗ്രഹിക്കുന്നതെന്നും കടുത്ത ചോദ്യങ്ങളുണ്ടായാൽ എന്തുണ്ടാവുമെന്നുമുള്ള മറ്റു ചോദ്യങ്ങൾക്ക് മറുപടിയായി കരൺ വ്യക്തമാക്കി.
മഹാത്മാഗാന്ധിയുമായോ പണ്ഡിറ്റ് നെഹ്റൂവുമായോ അഭിമുഖം നടത്താനായെങ്കിൽ എന്ന് ആശിച്ചു പോയിട്ടുണ്ട്. താൻ ചെയ്ത അഭിമുഖങ്ങളിൽ എൽകെ അധ്വാനി, മണിശങ്കര അയ്യർ, മാർഗരറ്റ് താച്ചർ, സീതാറാം യെച്ചൂരി തുടങ്ങിയവരുമായി ഉണ്ടായത് ഹൃദ്യമായ അനുഭവങ്ങളായിരുന്നു. ചോദ്യങ്ങളോട് പക്വതയോടെയാണ് അവർ സമീപിച്ചത്. അനിഷ്ട ചോദ്യങ്ങളുണ്ടായി പ്രയാസപ്പെട്ടുവെങ്കിലും പിന്നീട് പക്വതയോടെ ഇടപെട്ട എൽകെ അധ്വാനി ഏറ്റവും സഹിഷ്ണുതയോടെ പെരുമാറിയതും അനുഭവത്തിലുണ്ട്.
തന്റെ അഭിമുഖത്തിൽ ഒരാൾ കരഞ്ഞാലോ പ്രകോപനം പ്രകടിപ്പിച്ചാലോ അഭിമുഖം നടത്തുന്ന ആൾ എന്ന നിലയിൽ ഞാൻ സന്തോഷവാനാണ്. കാരണം മാനുഷികമായ വികാരങ്ങളുടെ പ്രകടനം മാത്രമാണ് അയാൾ ചെയ്യുന്നത്. ആർഎസ്എസിന്റേയോ ബിജെപിയുടേയോ പ്രോക്സി (പകരം) വ്യക്തിത്വങ്ങളെയാണ് കഴിഞ്ഞ കുറച്ചുകാലമായി അഭിമുഖം നടത്തുന്നത്. ബിജെപി നേതാക്കളുടെ അഭിമുഖങ്ങളും വരേണ്ടതുണ്ട്. അവർ ബഹിഷ്‌കരണം തുടരുന്നതിനാൽ അതുണ്ടാവുന്നില്ല. അവർ ജനങ്ങളുടെ ചോദ്യങ്ങളെ നേർക്കുനേരെ നേരിടാൻ തയ്യാറാവുകയെന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും കരൺഥാപ്പർ ചോദ്യോത്തര വേളയിൽ വിശദീകരിച്ചു.