റിയാദ് – തലസ്ഥാന നഗരത്തിലെ വെയര്‍ഹൗസില്‍ പ്രവർത്തിച്ച് വന്നിരുന്ന വ്യാജ ഇ-സിഗരറ്റ് നിര്‍മാണ കേന്ദ്രം നഗരസഭ കണ്ടെത്തി. റിയാദ് നഗരസഭ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായ രീതിയില്‍ ഇ-സിഗരറ്റ് നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന അനധികൃത വെയര്‍ഹൗസ് കണ്ടെത്തിയത്. ഇ-സിഗരറ്റ് നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍, രാസവസ്തുക്കള്‍, ഇലക്‌ട്രോണിക് ഭാഗങ്ങള്‍, നിര്‍മാണ ഉപകരണങ്ങള്‍, വ്യാജ അന്താരാഷ്ട്ര ട്രേഡ്മാര്‍ക്കുകള്‍ അടങ്ങിയ പാക്കേജിംഗുകള്‍ എന്നിവ ഇവിടെനിന്നും കണ്ടെത്തി. ഇവയുടെ സാംപിളുകളെല്ലാം ലബോട്ടറികളിൽ പരിശോധനക്കായി അയച്ചു.
പൊതുജനാരോഗ്യം സംരക്ഷിക്കാനും സ്ഥാപനങ്ങള്‍ നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഫീല്‍ഡ് പരിശോധനകള്‍ തുടരുന്നതായി റിയാദ് നഗരസഭ വ്യക്തമാക്കി. ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് മദീനത്തീ ആപ്പ് വഴി പൊതുജനങ്ങള്‍ നല്‍കുന്ന പരാതികള്‍ ഫീല്‍ഡ് ഇടപെടലിന് വളരെയധികം സഹായിച്ചു. പൗരന്മാരുടെ സഹകരണം ഇനിയും വേണെമെന്നും ഇത് സമൂഹ സംരക്ഷണം വര്‍ധിപ്പിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും റിയാദ് നഗരസഭ പറഞ്ഞു.