ലോകത്ത് ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗതാഗത മാർഗങ്ങളിൽ ഒന്നാണല്ലോ റെയിൽവേ.
ഇന്ന് ലോകത്തിന്റെ പല ഭാഗത്തും റെയിൽവേ ശൃംഖല വികസിച്ചുകൊണ്ടിരിക്കുകയാണ്.ഒരു സെപ്റ്റംബർ 27നാണ് ലോക ചരിത്രത്തിൽ ആദ്യമായി ട്രെയിൻ സർവീസ് നടന്നത്.
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇംഗ്ലണ്ടിന്റെ പല ഭാഗത്തും റെയിൽവേ ലൈൻ ഉണ്ടായിരുന്നെങ്കിലും കുതിരകളും മറ്റും വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. മരപ്പാളികളിൽ നിർമ്മിച്ചിരുന്ന ഇത്തരം ലൈനുകൾ ഉപയോഗിച്ചിരുന്നത് കച്ചവട ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു.
ട്രെയിനിന്റെ കണ്ടുപിടുത്തത്തിലേക്കുള്ള ആദ്യത്തെ കാൽ ചുവട് വെച്ചത് റിച്ചാർഡ് ട്രെവിഥിക്ക് എന്ന വ്യക്തിയാണ്. 1804ൽ കൽക്കരി ഉപയോഗിച്ച് പോകുന്ന ഒരു ചെറിയ സ്റ്റീം ലോക്കോമോറ്റീവിന്റെ കണ്ടുപിടുത്തമായിരുന്നു ഈ ചുവട്.
ശേഷം നിരവധി പേരുടെ പ്രയത്നത്തിനൊടുവിൽ 1814ൽ ജോർജ് സ്റ്റീഫൻസൺ സ്റ്റീം ലോക്കോമോറ്റീവിൻ്റെ ഏറ്റവും മികച്ച മോഡലുകളുടെ രൂപകല്പന ലോകത്തിന് സമ്മാനിച്ചു.
എന്നാൽ ഇതെല്ലാം ഉപയോഗിച്ചത് കച്ചവട ആവശ്യങ്ങൾക്ക് മാത്രമായിരുന്നു.
തുടർന്ന് 1825 സെപ്റ്റംബർ 27ന് ഇംഗ്ലണ്ടിലെ ഡാർലിംഗ്ടണിൽ നിന്നും 40 കിലോമീറ്റർ ദൂരമുള്ള സ്റ്റോക്ടൺ-ഓൺ-ടീസ് ചരിത്രത്തിലെ ആദ്യത്തെ യാത്രക്കാരെ വഹിച്ചു കൊണ്ടുള്ള സർവീസ് നടന്നു. ഏകദേശം 450 യാത്രക്കാരയിരുന്നു ഈ ചരിത്ര യാത്രയിൽ ഉണ്ടായിരുന്നത്. ഈ യാത്രക്കായി ഉപയോഗിച്ചിരുന്നത് ജോർജ് സ്റ്റീഫൻസൺ രൂപകല്പന ചെയ്‌ത Locomotion No.1 ആയിരുന്നു. ഏകദേശം മൂന്നു മണിക്കൂർ നീണ്ട യാത്രയിൽ
ജോർജ് സ്റ്റീഫൻസൺ തന്നെയായിരുന്നു എഞ്ചിൻ നിയന്ത്രിച്ചത്.