2014 സെപ്റ്റംബർ 26, മെക്സിക്കോയിലെ അയോത്സിനാപ്പ അധ്യാപക കോളേജിലെ ( Ayotzinapa Teachers’ College) 43 വിദ്യാർത്ഥികൾ ഒരു പ്രതിഷേധ പരിപാടിക്ക് പോകുന്നു. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇഗ്വാല എന്ന നഗരത്തിൽ വച്ച് 43 പേരെയും കാണാതായി.
ഇന്ന്, 11 വർഷങ്ങൾക്കിപ്പുറവും . ” ആ വിദ്യാർത്ഥികൾ എവിടെ?.” അവർക്ക് എന്താണ് സംഭവിച്ചത്? എന്ന ചോദ്യങ്ങൾ ബാക്കി നിൽക്കെ, ഉത്തരം തേടി പോയ അന്വേഷണ ഉദ്യോഗസ്ഥർ ചെന്നെത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങളിലേക്കാണ്.
1968ൽ ഒക്ടോബർ രണ്ടിന് ഗവൺമെന്റിന്റെ അഴിമതിക്കെതിരെ ശബ്ദമുയർത്തിയ നൂറിലധികം വിദ്യാർത്ഥികളെ സൈന്യം വെടിവെച്ചുകൊന്നു. അതിൽ പിന്നീട് എല്ലാവർഷവും കൂട്ടക്കൊലയുടെ അനുസ്മരണ ദിവസമായി വിദ്യാർത്ഥികൾ മെക്സിക്കോ സിറ്റിയിൽ ഒത്തുകൂടാറുണ്ട്.
അതിൽ ഒരു പ്രധാന കോളേജ് ആയിരുന്നു 1926ൽ ഗുറെറോയിൽ സ്ഥാപിതമായ Ayotzinapa Teachers’college. ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട വിദ്യാർഥികളെ പരിശീലിപ്പിച്ച് അധ്യാപകരാക്കുന്നതിൽ രാജ്യത്തെ നിർണായക പങ്കുവഹിക്കുന്ന ഒരു കോളേജായിരുന്നു ഇവർ. ഗവൺമെന്റിനെതിരെയുള്ള പല പ്രതിഷേധങ്ങളിലും ഈ കോളജിലെ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്.
അങ്ങനെ വിദ്യാർത്ഥി കൂട്ടക്കൊലയുടെ 46 അനുസ്മരണ വാർഷികമായി ഒത്തുചേരാൻ 2014 സെപ്റ്റംബർ 26ന് കോളജിലെ 43 വിദ്യാർത്ഥികൾ ഗുറെറോയിൽ നിന്നു മെക്സിക്കോ സിറ്റിയിലേക്ക് പുറപ്പെടുന്നു. വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ സാധാരണ കാണുന്നതുപോലെ ബസ്സുകൾ പിടിച്ചെടുത്ത് അതിലായിരുന്നു ഇവർ ഗുറെറോയിൽ നിന്നു മെക്സിക്കോ സിറ്റിയിലേക്ക് പുറപ്പെട്ടത്.
എന്നാൽ ആ ദിവസം തന്നെ ഇഗ്വാല മേയറായ ജോസ് ലൂയിസ് അബാർകാ വെലാസ്‌ക്വസും ഭാര്യയും പങ്കെടുക്കുന്ന ഒരു രാഷ്ട്രീയ പരിപാടിയും ഉണ്ടായിരുന്നു. അതിനാൽ തന്നെ ഈ വിദ്യാർത്ഥികൾ ഈ രാഷ്ട്രീയ പരിപാടിക്ക് തടസ്സമാകുമെന്ന് കരുതി ഇദ്ദേഹം പോലീസിനോട് അവരെ തടയാൻ നിർദ്ദേശിക്കുന്നു.
തുടർന്ന് ഇഗ്വാല നഗരത്തിൽ വച്ച് 43 വിദ്യാർത്ഥികൾ സഞ്ചരിച്ച ആ ബസ് തടഞ് അവരെ കസ്റ്റഡിയിൽ എടുത്തു. പക്ഷെ പിന്നീട് ആ 43 വിദ്യാർത്ഥികളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. അവരെങ്ങോട്ട് പോയെന്ന് അറിഞ്ഞില്ല.
പിന്നീട് മെക്സിക്കോ മുഴുവൻ വേർ ഈസ് 43 ( where is 43) എന്ന പ്രക്ഷോഭവുമായി വിദ്യാർത്ഥികളും ആക്റ്റീവിസ്റ്റുകളും സമര പോരാട്ടവുമായി രംഗത്തിറങ്ങി. രാജ്യത്തെ മനുഷ്യാവകാശ സംഘടനകളും, ഐക്യരാഷ്ട്രസഭയും വരെ മെക്സിക്കോ ഗവൺമെന്റിനെതിരെ ശബ്ദമുയർത്തി.
തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച ഗവൺമെന്റ് ഇഗ്വാല മേയറിന്റെ ഇടപെടൽ കാണുകയും അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യിലിലാണ് ആ രഹസ്യം ലോകമറിയുന്നത്. ഈ വിദ്യാർത്ഥികളെയെല്ലാം കസ്റ്റഡിയിലെടുത്ത പോലീസ് ഈ വിദ്യാർത്ഥി സംഘത്തെ രാജ്യത്തെ ഏറ്റവും വലിയ കുപ്രസിദ്ധ മാഫിയ സംഘമായ ‘ഗ്വേരറോസ് യൂണിഡോസി’ന് കൈമാറിയിരുന്നു. അവർ ഇവരെ ക്രൂരമായി മർദ്ദിച്ച ശേഷം ചുട്ടുകൊന്നു എന്നും പറയപ്പെടുന്നു.
അലക്സാണ്ടർ മോറ വെനാൻസിയോ, ജോസിവാനി ഗ്വെററോ ഡി ലാ ക്രൂസ്, ക്രിസ്റ്റിയൻ ആൽഫോൻസോ റൊഡ്രിഗസ് ടെലുംബ്രെ എന്നീ മൂന്നുപേരുടെ മൃതദേഹങ്ങൾ മാത്രമായിരുന്നു പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്. അത് തെളിഞ്ഞത് ഡി എൻ എ ടെസ്റ്റിലൂടെയും. ബാക്കി 40 പേരെ കുറിച്ച് ഇന്നും അറിവില്ല, അവർക്ക് എന്ത് സംഭവിച്ചു എന്നതിനും ഉത്തരമില്ല. അത് ഇന്നും ദുരൂഹമായി തുടരുന്നു.
സംഭവത്തെ തുടർന്ന് ജോസ് ലൂയിസ് അബാർകാ രാജിവെക്കുകയും പിന്നീട് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി.



