കോഴിക്കോട് – അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയ സിപിഎം നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം.പി. തനിക്കെതിരെ നടത്തിയ അധിക്ഷേപങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി പറമ്പില്‍ ഉടന്‍ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ പരാമര്‍ശം. ”സുരേഷ് ബാബു ഉയര്‍ത്തിയത് ആരോപണമല്ല, അധിക്ഷേപമാണ്.” മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കവെ ഷാഫി പറഞ്ഞു. സുരേഷ് ബാബുവിന്റെ പരാമര്‍ശങ്ങള്‍ മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. ഇതാണോ സിപിഎമ്മിന്റെ രാഷ്ട്രീയം. ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
2026ലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രം ഇതാണോ എന്ന് നേതാക്കന്‍മാര്‍ വ്യക്തമാക്കണമെന്നും ഷാഫി പറമ്പില്‍ എം പി ആവശ്യപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഷാഫി പറമ്പില്‍ എംപിക്കെതിരെ ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. ഇത് മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ഷാഫി പറമ്പില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group