റിയാദ്: സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി റിയാദ് നഗരസഭ 112 പൊതു പാർക്കുകളിൽ വിനോദ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. തലസ്ഥാനത്തെ 12 സ്ഥലങ്ങൾ ഉൾപ്പെടെ, എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിക്കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
നാളെ വൈകുന്നേരം 4 മുതൽ രാത്രി 11 വരെ നടക്കുന്ന ആഘോഷങ്ങളിൽ നാടകങ്ങൾ, നാടോടി-പൈതൃക കലകൾ, സംവേദനാത്മക മത്സരങ്ങൾ, മൊബൈൽ ഷോകൾ എന്നിവ ഉൾപ്പെടുന്നു. കുട്ടികൾക്കായി മഷി നിർമാണം, കരകൗശല വസ്തു നിർമാണം, നജ്ദി ഡോർ പെയിന്റിംഗ്, ആഭരണ നിർമാണം എന്നിവ ഉൾക്കൊള്ളുന്ന ശിൽപശാലകളും ഉണ്ടാകും.
ഫേസ് പെയിന്റിംഗ്, ബലൂൺ ലോഞ്ചുകൾ, 360 ഡിഗ്രി ഇന്ററാക്ടീവ് ഫോട്ടോ കോർണറുകൾ, ദേശീയ സംഗീത പ്രകടനങ്ങൾ, നാടോടി ടാബ്ലോകൾ, കവിത-സംഗീത സായാഹ്നങ്ങൾ, പരമ്പരാഗത ഭക്ഷണ ഏരിയകൾ, കടകൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാണ്.
റിയാദ് നഗരസഭയുടെ ശാഖാ ബലദിയകൾ, പ്രവിശ്യയിലെ സബ്‌ഗവർണറേറ്റുകളിലും കേന്ദ്രങ്ങളിലുമായി 47 സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും. മൂന്ന് ദിവസങ്ങളിലായി 205-ലധികം വൈവിധ്യമാർന്ന പരിപാടികളിൽ പ്രദേശവാസികളുടെയും സന്ദർശകരുടെയും വിപുലമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.



