- വിസാ കാലാവധി കണക്കാക്കുക ഇഷ്യു ചെയ്യുന്ന ദിവസം മുതല്‍
ജിദ്ദ – ഉംറ വിസാ കാലാവധിയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഭേദഗതി വരുത്തി. ഇനി മുതല്‍ വിസ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വിസാ കാലാവധി കണക്കാക്കുക. ഇതുവരെ സൗദിയില്‍ പ്രവേശിക്കുന്ന ദിവസം മുതലാണ് ഉംറ വിസാ കാലാവധി കണക്കാക്കിയിരുന്നത്. ഏതു ദിവസം ഇഷ്യു ചെയ്തതാണെങ്കിലും ഉംറ വിസാ കാലാവധി അവസാനിക്കുന്ന ദിവസം എല്ലാ വര്‍ഷവും ദുല്‍ഖഅ്ദ 15 ആയും നിര്‍ണയിച്ചിട്ടുണ്ട്.
വിദേശങ്ങളില്‍ നിന്നുള്ള ഹജ് തീര്‍ഥാടകരുടെ ഒഴുക്ക് ആരംഭിക്കുന്നത് കണക്കിലെടുത്താണ് ഹജ്, ഉംറ മന്ത്രാലയവും വിദേശ മന്ത്രാലയവും ഏകോപനം നടത്തി ഉംറ വിസാ കാലാവധി അവസാനിക്കുന്ന ദിവസം ദുല്‍ഖഅ്ദ 15 ആയി നിര്‍ണയിച്ചത്. നേരത്തെ ദുല്‍ഖഅ്ദ 29 വരെ ഉംറ വിസാ കാലാവധി അനുവദിച്ചിരുന്നു. കാലാവധി അവസാനിക്കുന്ന ദിവസം പതിനാലു ദിവസം നേരത്തെയാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
ഇഷ്യു ചെയ്യുന്ന ദിവസം മുതല്‍ മൂന്നു മാസമാണ് ഉംറ വിസാ കാലാവധിയെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പുതിയ ഉംറ വിസാ അപേക്ഷ സ്വീകരിക്കുന്നതും നേരത്തെയാക്കിയിട്ടുണ്ട്. ഇനി മുതല്‍ എല്ലാ വര്‍ഷവും ദുല്‍ഹജ് 15 മുതല്‍ വിസാ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയും. തൊട്ടടുത്ത വര്‍ഷം ദുല്‍ഖഅ്ദ 14 വരെ ഉംറ വിസാ അപേക്ഷകള്‍ സ്വീകരിക്കും.