തെല്‍അവീവ് – ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് ഇസ്രായിലിന്റെ നിലനില്‍പ്പിന് അപകടവും ഭീഷണിയുമാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ആഹ്വാനങ്ങളോട് ഇസ്രായില്‍ പോരടിക്കും. നമ്മള്‍ക്കെതിരായ ആസൂത്രിതമായ വഞ്ചനക്കെതിരെയും ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള ആഹ്വാനങ്ങള്‍ക്കെതിരെയും ഐക്യരാഷ്ട്രസഭയിലും മറ്റെല്ലാ മേഖലകളിലും നാം ഈ പോരാട്ടം നടത്തേണ്ടിവരും. അത് നമ്മുടെ നിലനില്‍പ്പിനെ അപകടപ്പെടുത്തുകയും ഭീകരതക്കുള്ള അസംബന്ധ സമ്മാനമായി മാറുകയും ചെയ്യും – നെതന്യാഹു മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.
ഇസ്രായിലിനെ ഏറ്റവുമധികം പിന്തുണക്കുന്ന രാജ്യങ്ങളില്‍ ഒന്നായ ബ്രിട്ടന്‍ ഇന്ന് ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു. ഇസ്രായില്‍ ഗാസ മുനമ്പില്‍ ആക്രമണം ശക്തമാക്കിയതോടെ ബ്രിട്ടന്‍ തങ്ങളുടെ നിലപാട് മാറ്റുകയായിരുന്നു. ഒരിക്കലും ഒരു ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ മാസാദ്യം പറഞ്ഞിരുന്നു. 2023 ഒക്ടോബറിലെ യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ കാരണമായ ഹമാസിന്റെ ക്രൂരമായ ഭീകരതക്ക് ഫലസ്തീനിനെ അംഗീകരിക്കുന്ന രാജ്യങ്ങള്‍ പാരിതോഷികം നല്‍കുകയാണെന്നും നെതന്യാഹു ആരോപിച്ചു.
ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം ഫലസ്തീന്‍ പ്രദേശങ്ങളുടെ മേല്‍ ഇസ്രായിലിന് പരമാധികാരമില്ലെന്ന് വ്യക്തമായി സ്ഥിരീകരിക്കുന്നതായി ഫലസ്തീന്‍ വിദേശ മന്ത്രി ഫാര്‍സിന്‍ അഗാബകിയാന്‍ പറഞ്ഞു. ഏതാനും രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് സ്വന്തം മണ്ണില്‍ യാഥാര്‍ഥ്യമാകുന്ന സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തോടുകൂടിയ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയുടെ സന്ദേശമാണെന്ന് റാമല്ലയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അഗാബകിയാന്‍ കൂട്ടിച്ചേര്‍ത്തു.
ഹിസ്ബുല്ലയുമായുള്ള ഇസ്രായിലിന്റെ യുദ്ധം ലെബനോനുമായും സിറിയയുമായും സമാധാനത്തിനുള്ള വഴി തുറക്കുന്നതായി നെതന്യാഹു പറഞ്ഞു. ലെബനോനില്‍ ഹിസ്ബുല്ലക്കെതിരായ നമ്മുടെ വിജയങ്ങള്‍ സമീപകാല സൈനിക നടപടികള്‍ക്കു മുമ്പ് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത അവസരത്തിന്റെ ജാലകം തുറന്നു, വടക്കു ഭാഗത്തെ നമ്മുടെ അയല്‍ക്കാരുമായി സമാധാനത്തിനുള്ള അവസരം – മന്ത്രിസഭാ യോഗത്തില്‍ നെതന്യാഹു പറഞ്ഞു. ഞങ്ങള്‍ സിറിയക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്, ചില പുരോഗതികള്‍ ഉണ്ടായിട്ടുണ്ട്, പക്ഷേ അവയുടെ ഫലങ്ങള്‍ വിലയിരുത്താന്‍ ഇപ്പോള്‍ സമയമായിട്ടില്ല – ഇസ്രായില്‍ പ്രധാനമന്ത്രി പറഞ്ഞു