തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പ് വരാനിരിക്കെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍-എസ്‌ഐആര്‍) കേരളത്തിലും നടപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുമ്പോള്‍ പ്രവാസി വോട്ട് വീണ്ടും ചര്‍ച്ചയാവുന്നു. നേരത്തെ കൂടുതല്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയ സുപ്രീംകോടതിയിലെ നിയമ ഇടപെടലുകളും ഇനിയും പ്രായോഗികമാകാത്ത പ്രോക്‌സി വോട്ടുള്‍പ്പെടേയുമാണ് അവലോകനം ചെയ്യപ്പെടുന്നത്.
പാസ്‌പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സ്ഥലമുള്‍പ്പെടുന്ന മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്തുക എന്ന വ്യവസ്ഥ കൂടി പ്രവാസി വോട്ടവകാശത്തിനുള്ള ബില്ലില്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കാന്‍ 2010 ആഗസ്തിലാണ് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. ഇതോടെ പാസ്‌പോര്‍ട്ട് രേഖയായി പല പ്രവാസികള്‍ക്കും നാട്ടിലുള്ളപ്പോള്‍ വോട്ട് ചെയ്യാന്‍ അവസരമൊരുങ്ങുകയായിരുന്നു. അതിജീവനത്തിനായി തൊഴില്‍ ചെയ്യാന്‍ നാട് വിടുന്ന പ്രവാസിയും ഇന്ത്യന്‍ പൗരനാണെന്നും വോട്ടവകാശം നിഷേധിക്കുന്നത് പൗരാവകാശ ലംഘനമാണെന്നും സുപ്രീംകോടതി അഭിഭാഷകനായ അഡ്വ.ഹാരിസ് ബീരാന്‍ എം.പി മുഖേന കണ്ണൂര്‍, വിളക്കോട്ടൂര്‍ സ്വദേശിയും ലീഗ് നേതാവുമായ പ്രമുഖ സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ അഹ്‌മദ് അടിയോട്ടില്‍ നല്‍കിയ ഹരജിയിലാണ് പുതിയ വ്യവസ്ഥയുള്‍പ്പെടുത്തി പ്രവാസി വോട്ടവകാശ ബില്ല് പരിഷ്‌കരിച്ചത്. 2010 ജൂലൈ 19 നാണ് ചീഫ് ജസ്റ്റിസ് എച്ഛ് എച്ഛ് കപാഡിയ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഹരജി തീര്‍പ്പാക്കിയത്.
പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുന്നതിനായി ജനപ്രാതിനിധ്യ നിയമത്തിലെ ഇരുപതാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് 2006 ഫെബ്രുവരിയില്‍ ആണ് രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നത്. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങളാല്‍ ഇന്ത്യക്ക് പുറത്തു താമസിക്കുന്ന പൗരന്മാര്‍ ഇന്ത്യയില്‍ വസിക്കുന്നവരല്ലാതാകുന്നില്ല എന്നാണ് ബില്ലില്‍ വ്യക്തമാക്കിയിരുന്നത്. അതേസമയം നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്നവരായി പരിഗണിക്കപ്പെടാത്തവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അവകാശമില്ല. അതേസമയം ഭേദഗതി വന്നിട്ടും ഏതു പ്രദേശത്തെ വോട്ടര്‍ പട്ടികയിലാവും ചേര്‍ക്കുക എന്ന സാങ്കേതിക പറഞ്ഞ് പലപ്പോഴും ജീവനക്കാര്‍ പ്രവാസികള്‍ക്ക് വോട്ട് നിഷേധിക്കുന്ന രീതി ഉണ്ടായി. പുതിയ ഭേദഗതി വന്നതോടെ അവ്യക്തത നീങ്ങുകയും പലരേയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ ഇടയാവുകയും ചെയ്തു.
”തന്റെ പ്രദേശത്തെ അനേകം സാധാരണ പ്രവാസികളുടെ വോട്ട് നിഷേധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഹരജിക്കായി മുന്നിട്ടിറങ്ങിയത്. ജീവനക്കാര്‍ പല കാരണങ്ങളും പറഞ്ഞ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മടിക്കുകയോ ചേര്‍ക്കാതിരിക്കുകയോ ചെയ്തു. നിയമപോരാട്ടത്തിന് തീരുമാനിക്കുന്നതിന് അതാണ് കാരണം. പാസ്‌പോര്‍ട്ടിലെ വിലാസം പരിഗണിക്കാമെന്ന സ്ഥിതി ഉണ്ടായത് അഡ്വ.ഹാരിസ് ബീരാന്‍ മുഖേന നല്‍കിയ ഹരജിയിലൂടെ സുപ്രീംകോടതി ഇടപെട്ട് ഉണ്ടായ ബില്ലിലെ ഭേദഗതി വന്നതോടെയാണ്. അത് പ്രവാസി സമൂഹത്തിന് വലിയ പ്രയോജനമാണുണ്ടായത്.” ്അന്നത്തെ നിയമപോരാട്ടത്തെക്കുറിച്ച് അഹ്‌മദ് അടിയോട്ടില്‍ ‘ദ മലയാളം ന്യൂസി’നോട് പറഞ്ഞു.
അതിനിടെ കേരത്തിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ.രത്തന്‍ യു ഖേല്‍ക്കര്‍ കഴിഞ്ഞ ദിവസം നോര്‍ക്ക അധികൃതരുമായി പ്രവാസി വോട്ട് സംബന്ധിച്ച് ചര്‍ച്ച നടത്തുകയുണ്ടായി. കൂടുതല്‍ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താനാവണമെന്ന നിലപാടിലാണ് കമ്മീഷന്‍ എന്നാണ് അറിയുന്നത്. ഇപ്പോഴും തെരഞ്ഞെടുപ്പ് ദിവസം നാട്ടിലുള്ളവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ അവകാശമുള്ളൂ എന്നതിനാല്‍ പ്രവാസ ലോകത്ത് നിന്ന് വോട്ട് ചെയ്യാനാവശ്യമായ സൗകര്യം വേണമെന്ന ആവശ്യങ്ങള്‍ പ്രവാസി സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും ഉന്നയിക്കുന്നത് തുടരുന്നു.
അഡ്വ കെഎന്‍എ ഖാദര്‍ അവതരിപ്പിച്ച നിയമസഭാ പ്രമേയത്തിന് 23 വര്‍ഷം
പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിട്ട് ഈ മാസത്തോടെ 23 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്ത് ഇന്ത്യയിലെ മുഴുവന്‍ പ്രവാസികള്‍ക്കും വോട്ടുചെയ്യാന്‍ അവസരമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. 2002 ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അന്നത്തെ എം.എല്‍.എ ആയിരുന്ന കെ്എന്‍എ ഖാദറാണ് പ്രവാസി വോട്ടവകാശ പ്രമേയം അവതരിപ്പിച്ചത്. അനൗദ്യോഗിക പ്രമേയമായാണ് അവതരിപ്പിക്കപ്പെട്ടത്. രണ്ട് വെള്ളിയാഴ്ചകളിലായി ചര്‍ച്ച ചെയ്ത പ്രമേയത്തിന്റെ കാര്യത്തില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ക്ക് അനുകൂല നിലപാടായിരുന്നു. അന്നത്തെ പ്രവാസികാര്യ മന്ത്രിയായിരുന്ന എംഎം ഹസന്‍ അവധിയിലായതിനാല്‍ മുഖ്യമന്ത്രി ആന്റണി തന്നെയാണ് പ്രമേയം ഐക്യകണ്‌ഠേന പാസ്സാക്കുകയാണെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ദേശീയ തലത്തില്‍ ഇത് ചര്‍ച്ചയായി. പക്ഷെ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ ആവശ്യം നടപ്പാക്കിയില്ല. ജീവിക്കുന്ന വിദേശരാജ്യത്ത് നിന്നോ (പ്രവാസി വോട്ട്) നാട്ടിലുള്ള പ്രതിനിധി മുഖേന (പ്രോക്‌സി വോട്ട്) തപാല്‍ വഴിയോ വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്നായിരുന്നു അഡ്വ കെഎന്‍എ ഖാദര്‍ പ്രമേയം വഴി ആവശ്യമുന്നയിച്ചത്. പല വിദേശ രാജ്യങ്ങളിലും സമാനമായ സംവിധാനമുണ്ടെങ്കിലും ഇന്ത്യയിലിപ്പോഴും പ്രവാസികള്‍ക്ക് നേരിട്ടെത്തി മാത്രമേ വോട്ട് ചെയ്യാനാവുകയുള്ളൂ. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നമ്മുടെ സമ്പദ് വ്യവസ്ഥ തകരാതെ കാത്തുസൂക്ഷിക്കുന്നത് പ്രവാസികളാണെന്നും അവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമില്ലലാത്തത് ഭരണഘടനാ പരമായ അവകാശത്തിന്റെ ലംഘനമാണെന്നും അഡ്വ കെഎന്‍എ ഖാദര്‍ വ്യക്തമാക്കി. ന്യായമായ ആവശ്യമായിട്ടും പ്രവാസി വോട്ടവകാശം അനുവദിക്കാത്തതിന്റെ കാരണം ദുരൂഹമാണെന്നും ഇത് നീതി നിഷേധമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഡോ ഷംസീര്‍ വയലില്‍ നല്‍കിയ ഹരജിയും കേന്ദ്രസര്‍ക്കാരിന്റെ പാലിക്കാത്ത ഉറപ്പും
2014-ല്‍ പ്രമുഖ വ്യവസായിയും സന്നദ്ധ സാമൂഹിക പ്രവര്‍ത്തകനുമായ ഡോ.ഷംസീര്‍ വയലില്‍ പ്രവാസികള്‍ക്ക് വോട്ട് അവകാശം ഉറപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിന്റെയടിസ്ഥാനത്തില്‍ പ്രോക്‌സി വോട്ട് ഏര്‍പ്പെടുത്താമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. കൂടാതെ ജനപ്രാതിനിധ്യ നിയമത്തില്‍ ഇതിനായി ഭേദഗതി വേണമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണം 2022 ഒക്ടോബര്‍ അവസാനം പ്രാവാസി ഇന്ത്യക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണവും ഒരുക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയുണ്ടായി. തെരഞ്ഞെടുപ്പിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്തിയാവും ക്രമീകരണങ്ങളെന്നും അന്നത്തെ അറ്റോര്‍ണി ജനറല്‍ എം വെങ്കിട്ട രമണി സുപ്രീംകോടതിയെ ബോധിപ്പിക്കുകയായിരുന്നു. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പിക്കണമെന്ന ഡോ.ഷംസീര്‍ വയലിലിന്റേതുള്‍പ്പെടെ വിവിധ ഹരജികള്‍ അന്ന് സുപ്രീംകോടതി തീര്‍പ്പാക്കി. പക്ഷെ പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.
കേരളത്തില്‍ ഈ വര്‍ഷത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആഗതമായിരിക്കുകയാണ്. ഈ സാഹചര്യത്തിലും പ്രാവാസികള്‍ക്ക് അവരുടെ വോട്ട് ജീവിക്കുന്ന രാജ്യത്തോ, പ്രോക്‌സി വോട്ടായോ ചെയ്യാനാവില്ല എന്നത് ഏതാണ്ട് ഉറപ്പാണ്. പ്രവാസികളില്‍ ഭൂരിഭാഗവും താഴ്ന്ന വരുമാനക്കാരായതിനാല്‍ തന്നെ തെരഞ്ഞെടുപ്പിന് മാത്രമായി വിമാനം കയറി വരിക അസാധ്യവുമാണ്. രാജ്യത്ത് പ്രവാസികളുടെ എണ്ണം ഏറെ കൂടിയെങ്കിലും സ്വന്തം നാട്ടിലെ ജനപ്രതിനിധികളെ തീരുമാനിക്കാന്‍ അവര്‍ക്കിപ്പോഴും അവകാശമില്ലെന്ന ദയനീയ സ്ഥിതി തുടരുക തന്നെയാണ്.
തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ പുറത്തായ പ്രവാസികള്‍
നാട്ടിലെത്തുമ്പോള്‍ ചെയ്യാമെന്നിരിക്കെ ആഗസ്ത് 22 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രവാസികള്‍ക്കും അവസരമൊരുങ്ങിയിരുന്നു. പക്ഷെ സപ്തംബര്‍ 2 ന് അന്തിമ വോട്ടര്‍പട്ടിക വന്നപ്പോള്‍ അപേക്ഷ നല്‍കിയ ഭൂരിപക്ഷം പ്രവാസികള്‍ക്കും പട്ടികയില്‍ ഇടം നേടാനായില്ലെന്ന് പരാതി ഉയരുകയാണ്. ചട്ടങ്ങളും സാങ്കേതികതയും പറഞ്ഞ് പല പഞ്ചായത്ത് സെക്രട്ടറിമാരും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന ചുമതലയുള്ള ഉദ്യോഗസ്ഥരും പ്രവാസികളെ പരിഗണിക്കാതിരുന്നതാണ് ഇതിന് കാരണം. വോട്ട് ചേര്‍ക്കാനുള്ള അപേക്ഷ ഫോറം ഒപ്പിട്ട ശേഷം രേഖകള്‍ സഹിതം നേരിട്ടോ അല്ലെങ്കില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് രജിസ്‌റ്റേര്‍ഡ് പോസ്റ്റ് വഴിയോ എത്തിക്കണമെന്നാണ് ചട്ടം. ഹിയറിങ്ങിന് ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് ബന്ധുക്കള്‍ വഴിയോ മറ്റോ രേഖകള്‍ സഹിതം ഹാജരാകാമെന്ന് പല ഉദ്യോഗസ്ഥരും സന്ദര്‍ഭോചിതമായി തീരുമാനമെടുത്തുവെങ്കിലും ചിലര്‍ ഇക്കാര്യം തീരെ പരിഗണിക്കാതിരുന്നതാണ് പല പ്രവാസികളും തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിലെ അന്തിമ പട്ടികയില്‍ നിന്ന് പുറത്താവാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോകസഭാ, നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ പട്ടികയില്‍ ഇടം നേടാന്‍ ഇത്തരം ചട്ടങ്ങള്‍ ബാധകമല്ലെന്നതും ഇപ്പോള്‍ ഇക്കാര്യത്തില്‍ ചിലര്‍ രാഷ്ട്രീയപ്രേരിതമായി ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തി പ്രവാസികളെ വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്ന് അകറ്റുന്നതാണെന്നും ആരോപണമുര്‍ന്നിട്ടുണ്ട്.