ജിസാൻ: മാവേലിയും പുലികളിയും പൂക്കളവും ഓണസദ്യയും ഓണപ്പാട്ടും നാടൻപാട്ടും കലാവിരുന്നുമൊരുക്കി ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല) സംഘടിപ്പിച്ച “ജല പൊന്നോണം- 2025” ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന് ഓണാഘോഷത്തിൻറെ ഉത്സവലഹരി പകർന്നു. വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ജനകീയ ഓണാഘോഷത്തിൽ ആവേശം പകർന്ന ഓണക്കളികളും നൃത്തനൃത്യങ്ങളും സംഗീതനിശയും കലാവിരുന്നും അരങ്ങേറി. ജിസാൻ ഫുക്കമറീന ആഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികൾ ലോകകേരളസഭ അംഗവും ജിദ്ദ നവോദയ മുഖ്യരക്ഷാധികാരിയുമായ ഡോ.ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാതെ മനുഷ്യരെല്ലാം തുല്യരായി പുലരുന്ന ഒരു സാമൂഹ്യക്രമം സൃഷ്‌ടിക്കാനുള്ള പരിശ്രമങ്ങൾക്ക് ഊർജം പകരുന്ന ചിന്തയാണ് ഓണസങ്കൽപ്പമെന്നും മനുഷ്യ മനസുകളിൽ വെറുപ്പും വിദ്വേഷവും നിറയ്ക്കുന്നവർക്കെതിരെ മാനവികമായി ഒരുമിക്കാനുള്ള അവസരമാണ് എല്ലാ ആഘോഷങ്ങളെന്നും ആദ്ദേഹം പറഞ്ഞു.
ജല വൈസ് പ്രസിഡൻറ് ഡോ.രമേശ് മൂച്ചിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനാന്ദൻ, എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ.എം.കെ.സാനു, പ്രവാസികളായ ബിജിൻലാൽ, റിയാസ് ബാബു എന്നിവരെ അനുസ്‌മരിച്ചുകൊണ്ട് ജല രക്ഷാധികാരി താഹ കൊല്ലേത്ത് സംസാരിച്ചു. ജല കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സലാം കൂട്ടായി ഓണസന്ദേശം നൽകി. കെ.എം.സി.സി ജിസാൻ കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ഷംസു പൂക്കോട്ടൂർ, നാസർ ചേലേമ്പ്ര (ഒ.ഐ.സി.സി) ജല രക്ഷാധികാരിമാരായ സണ്ണി ഓതറ, എം.കെ.ഓമനക്കുട്ടൻ, സതീഷ് കുമാർ നീലാംബരി എന്നിവർ ഓണാശംസകൾ നേർന്നു. ഫ്ളവേഴ്സ് ചാനൽ കോമഡി ഉത്സവ് ഫെയിം ഫൈസൽ പെരുമ്പാവൂരിനെ ജല രക്ഷാധികാരി മൊയ്‌തീൻ ഹാജി ചേലക്കര ചടങ്ങിൽ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ മനോജ് കുമാർ സ്വാഗതവും വൈസ് പ്രസിഡൻറ് ഹനീഫ മൂന്നിയൂർ നന്ദിയും പറഞ്ഞു. ജല മീഡിയ വിഭാഗം കൺവീനർ ഹർഷാദ് അമ്പയക്കുന്നുമ്മൽ, ഖദീജ താഹ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.
മുസ്‌തഫ പൂവത്തിങ്കലിൻറെ മാവേലി വേഷവും സാജൻറെ നേതൃത്വത്തിലുള്ള പുലികളിയും ഓണാഘോഷ പരിപാടികൾക്ക് ആവേശം പകർന്നു. ഫ്‌ളവേഴ്‌സ് ചാനൽ കോമഡി താരം ഫൈസൽ പെരുമ്പാവൂർ അവതരിപ്പിച്ച അനശ്വര നടൻ ജയൻറെ വേഷവും പഴയ സിനിമാ ഗാനത്തിൻറെ രംഗാവിഷ്‌കാരവും കാണികളിൽ ഗൃഹാതുരത്വ സ്‌മരണകളുണർത്തി. മലയാളത്തിൻറെ പ്രിയ കവി ഒ.എൻ.വിയുടെ “ഭൂമിയ്‌ക്കൊരു ചരമഗീതം” എന്ന കവിതയുടെ കഥാപ്രസംഗാവിഷ്ക്കാരം തീർത്ഥ സത്യൻ അവതരിപ്പിച്ചു.
സാധിക വിജീഷ്, അഷ്‌ടമി സജി, അഞ്ജന സ്റ്റാലിൻ, തീർത്ഥ സത്യൻ, നീര സിന്റോ, അഭിലാഷ്, ആര്യ, ഈതൻ തോമസ് ജോർജ്ജ്, ഇവലിൻ ജോർജ്ജ്, നൂറ ജിനു, സീറ ജിനു, അലോന അനൂപ്, അനാമിക ബിജു, സെഹ്‌റ ഫാത്തിമ, ഖദീജ താഹ, നിഷ, ഷൈനി, സാൻവി എന്നിവരുടെ നൃത്തനൃത്യങ്ങളും വിവിധ കലാപരിപാടികളും ഹൃദ്യമായി. സുൾഫിക്കർ കാലിക്കറ്റ്, അബ്ബാസ് പട്ടാമ്പി, ഡോ.അനീഷ് ജോസഫ് ദേവസ്യ, എ.പി.കോയ, ആശ, ഐസക് മാത്യു ഒല്ലൂക്കാരൻ, ഇവാൻ പ്രണവ്, സുബീഷ് എടവണ്ണ, ബാബു യോഹന്നാൻ, റിച്ചു റോയ്, ഷിഫ്‌ന.ടി.കെ, സുമയ്യ.ടി.എസ്, ലൂക്കാസ് ജിലു, ഷബീർ അലി എന്നിവർ സംഗീത നിശയിൽ ഗാനങ്ങൾ ആലപിച്ചു. ഗോകുൽ സുരേഷിൻറെ നേതൃത്വത്തിൽ അവതരിപ്പിച്ച മിമിക്രിയും ഹാസ്യകലാപ്രകടനവും കാണികളിൽ ചിരിപടർത്തി.
ഓണാഘോഷത്തോടനുബന്ധിച്ച് ജല സംഘടിപ്പിച്ച സമ്മാനപദ്ധതിയിലെ വിജയികളെ ജല സെക്രട്ടറി അനീഷ് നായർ പ്രഖ്യാപിച്ചു. പി.ടി. ഭാസ്‌കരപ്പണിക്കർ സ്‌മാരക ബാലശാസ്‌ത്ര പരീക്ഷയിൽ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്തോടെ ബാലശാസ്ത്ര പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഖദീജ താഹയെ ജല ട്രഷറർ ഡോ. ജോ വർഗീസും മികച്ച സംഘടനാ പ്രവർത്തനങ്ങൾക്ക് ഹർഷാദ് അമ്പയക്കുന്നുമ്മൽ, അബ്‌ദുൽ സലീം മൈസൂർ, ജമാൽ കടലുണ്ടി എന്നിവരെ ഡോ.ഷിബു തിരുവനന്തപുരവും പ്രശംസാ ഫലകങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു.
സാദിഖ് പരപ്പനങ്ങാടി, ഷാജി കരുനാഗപ്പളളി, നൗഷാദ് പുതിയതോപ്പിൽ, അഷറഫ് മണ്ണാർക്കാട്, സൽജിൻ, ജാഫർ താനൂർ, അന്തുഷ ചെട്ടിപ്പടി, ബാലൻ കൊടുങ്ങല്ലൂർ, ഗഫൂർ പൊന്നാനി, ഹക്കീം, സമീർ പരപ്പനങ്ങാടി, വസീം മുക്കം, ,അഷറഫ് പാണ്ടിക്കാട്, സഹൽ, സിനാഷ്, അഭിലാഷ്, ഷെറഫ്, ജോർജ്ജ് തോമസ്, മുസ്‌തഫ പട്ടാമ്പി, വിഘ്‌നേശ്, മുനീർ മുക്കം, ശ്രീജിത്ത് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.



