മലപ്പുറം: എടവണ്ണയിൽ നടത്തിയ പരിശോധനയിൽ പൊലീസ് വൻ ആയുധശേഖരം പിടികൂടി. എയർ ഗണ്ണുകൾ, മൂന്ന് റൈഫിളുകൾ, 200-ലധികം വെടിയുണ്ടകൾ, 40 പെല്ലറ്റ് ബോക്സുകൾ എന്നിവയാണ് എടവണ്ണ സ്വദേശി ഉണ്ണിക്കമ്മദിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെടിയുണ്ടകളുമായി സഹോദരങ്ങളടക്കം നാല് പേരെ ഇന്ന് രാവിലെ പാലക്കാട് കൽപ്പാത്തിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃഗവേട്ടയ്ക്കായാണ് ആയുധങ്ങൾ വാങ്ങിയതെന്ന് ഇവർ വെളിപ്പെടുത്തി. എവിടെ നിന്നാണ് ആയുധങ്ങൾ ലഭിച്ചതെന്ന അന്വേഷണമാണ് എടവണ്ണയിലെ ഉണ്ണിക്കമ്മദിന്റെ വീട്ടിലേക്ക് പൊലീസിനെ എത്തിച്ചത്.
ഉണ്ണിക്കമ്മദിന് രണ്ട് തോക്കുകൾ കൈവശം വയ്ക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നെങ്കിലും, അതിലും കൂടുതൽ ആയുധങ്ങളും വെടിയുണ്ടകളും ഇദ്ദേഹം സൂക്ഷിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. വിവിധ തരം തോക്കുകൾ കൈവശം വയ്ക്കുന്നതും വിൽക്കുന്നതും ഒരു ഹോബിയാണെന്ന് ഉണ്ണിക്കമ്മദ് പൊലീസിനോട് പറഞ്ഞു.
ഉണ്ണിക്കമ്മദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.