ദുബൈ-
ഗള്‍ഫ് പശ്ചാത്തലത്തില്‍ മലയാളത്തിലാദ്യമായി വന്ന റോഡ് മൂവിയുടെ ഓടിടി സ്ട്രീമിംഗ് സപ്തംബര്‍ 19 മുതല്‍. 2022-ല്‍ എം.എ നിഷാദിനെ പ്രധാന കഥാപാത്രമാക്കി കെ എ സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ‘ടു മെന്‍’ എന്ന ചിത്രമാണ് മനോരമ മാക്‌സിലൂടെ ഒടിടി പ്ലാറ്റ് ഫോമില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാള്‍ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുന്നു ഈ സിനിമ. ഗള്‍ഫ് മരുഭൂമിയിലൂടെ നീണ്ട യാത്രാനുഭവമാണ് ഈ ചലച്ചിത്രം. യുഎഇയില്‍ താമസിക്കുന്ന ഒരു ബിസിനസുകാരന്റെയും ഡ്രൈവറുടെയും ജീവിതത്തെ സിനിമയില്‍ ആവിഷ്‌കരിക്കുന്ന വൈകാരികമായ റോഡ് മൂവിയായി ഇതിനകം വിലയിരുത്തപ്പെട്ടിട്ടുണ്ട്.
യുഎഇയിലെ വന്‍കിട ബിസിനസുകാരനായ സഞ്ജയ് മേനോന്‍ (ഇര്‍ഷാദ് അലി) തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് കടുത്ത കടക്കെണിയില്‍ അകപ്പെടുന്നു. അദ്ദേഹത്തെ സഹായിച്ച എല്ലാവരെയും അദ്ദേഹത്തിന്റെ തകര്‍ച്ച ബാധിച്ചു. മാടായി ശ്രീധരന്‍ (രഞ്ജി പണിക്കര്‍), സോണി (മിഥുന്‍ രമേശ്) എന്നിവരെല്ലാം ഒരേ അവസ്ഥയെ അഭിമുഖീകരിക്കുകയായിരുന്നു. മകള്‍ക്ക് കണ്ടെത്തിയ ഭര്‍ത്താവ് കൂടുതല്‍ പണം ആവശ്യപ്പെടുന്നതിനാല്‍ ഡ്രൈവര്‍ അബുക്ക (എംഎ നിഷാദ്) തന്റെ മകളുടെ വിവാഹം നടത്താന്‍ പാടുപെടുന്നു. സിനിമയുടെ ആദ്യ പകുതിയില്‍ നിന്ന് വ്യത്യസ്തമായ രണ്ടാം പകുതിയാണ് ഉള്ളത്.
രണ്ടാം പകുതി ഏതാണ്ട് ഒരു മുഴു റോഡ് മൂവി പോലെയാണ്. ഇര്‍ഷാദ് അലിയും എം.എ. നിഷാദും പരസ്പരം മത്സരിക്കുന്ന അഭിനയം കാഴ്ചവെച്ച സനിമയില്‍ കഥ പറച്ചിലില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും വിലയിരുത്തല്‍ വന്നിട്ടുണ്ട്. മികച്ച ഛായാഗ്രഹണമാണ് സിനിമയുടെ പ്രത്യേകതകളിലൊന്ന്. ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ആണ് നിര്‍മ്മാണം. ചിത്രത്തില്‍ ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു. മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു. എഡിറ്റിംഗ് വി സാജന്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍. ഡ്രീം ബിഗ് ഫിലിംസാണ് വിതരണ പങ്കാളികള്‍. കണ്ടന്റ് ഫാക്ടറി ആണ് പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ദൗ്ത്യം നിര്‍വ്വഹിച്ചിരിക്കുന്നത്.