ലോക ക്രൂര ഭരണാധികാരി എന്നറിയപ്പെടുന്ന അഡോൾഫ് ഹിറ്റ്ലർ ഇന്നും പല വേദികളിൽ ചർച്ചയാവാറുണ്ട്. 1934 മുതൽ 1945 വരെ ജർമൻ ഭരണാധികാരിയായിരുന്ന ഹിറ്റ്ലറാണ് രണ്ടാം ലോകമഹായുദ്ധത്തിലേക്കുള്ള വഴി തുറന്ന വ്യക്തി.
നാസി ഭരണം ജർമനിയിൽ നടപ്പിലാക്കിയ ഇദ്ദേഹം ജൂത ജനങ്ങളെ വളരെയേറെ വെറുത്തിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ ജർമനി തോൽക്കാൻ കാരണം ജൂതന്മാർ ആണെന്നാണ് ഹിറ്റ്ലർ കരുതുന്നത്. ഹോളോകോസ്റ്റ് പോലെയുള്ള ജൂത കൂട്ടക്കൊലയിലേക്ക് വരെ ഇതു കാരണമായിരുന്നു.
1935 മുതൽ 1945 വരെ പത്തുവർഷക്കാലയളവിൽ ഏകദേശം 60 ലക്ഷം ജൂതന്മാരെയാണ് ഇദ്ദേഹത്തിന്റെ കീഴിലുള്ള നാസി പട്ടാളം കൊന്നൊടുക്കിയത്. ജർമനി, പോളണ്ട്, ഫ്രാൻസ്, നെതർലാൻഡ്‌സ്, ഹംഗറി, ഗ്രീസ് പോലെയുള്ള രാജ്യങ്ങളിലും നാസി പട്ടാളം ഈ അടിച്ചമർത്തൽ നടപ്പാക്കി.
1935 സെപ്റ്റംബർ 15ന് നടപ്പിലാക്കിയ ഒരു നിയമമാണ് ഈ ജൂത കൂട്ടക്കൊലയിലേക്കെല്ലാം നയിച്ചത്.
നൂറംബർഗ് നിയമങ്ങൾ(Nuremberg Laws) എന്നറിയപ്പെടുന്ന ഈ സിസ്റ്റം 1935 സെപ്റ്റംബർ 15ന് ഹിറ്റ്‌ലറും നാസി പാർട്ടിയും കൂടി ചേർന്ന് ജർമൻ പാർലമെന്റിൽ പാസാക്കി.
ഈ നിയമം പ്രധാനമായും രണ്ടു നിർദ്ദേശങ്ങളായിരുന്നു മുന്നോട്ട് വെച്ചത്.
ഒന്നാമത്തെ നിർദ്ദേശം അറിയപ്പെട്ടത് റൈക് പൗരത്വ നിയമം ( Reich Citizenship Law) എന്നാണ്. ഈ നിയമത്തിൽ പറയുന്നത് ജർമൻ രക്തമുള്ളവർക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ എന്നായിരുന്നു. ഇതിലൂടെ ജർമനിയിലേക്ക് കൂടിയേറിയ ജൂത ജനങ്ങളുടെ അവകാശങ്ങളെല്ലാം നഷ്ടപ്പെട്ടതോടെയാണ് അവർക്കെതിരെയുള്ള കൂട്ടക്കൊലക്ക് തുടക്കമിട്ടത്.
ലോ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ജർമൻ ബ്ലഡ് ആൻഡ് ജർമൻ ഹോണർ ( Law for the Protection of German Blood and German Honour) എന്ന പേരുള്ള രണ്ടാമത്തെ നിയമം മുന്നോട്ടുവച്ചത് ജർമൻ പൗരന്മാർ ഒരിക്കലും ജൂതന്മാരെ വിവാഹം ചെയ്യുകയോ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പാടാനോ പാടില്ല. അത് ഈ നിയമത്തിലൂടെ പൂർണ്ണമായി നിരോധിച്ചു.
പിന്നീട് ജൂതസമൂഹത്തെ കൊന്നൊടുക്കുന്നതാണ് ലോകം കണ്ടത്. ജർമനിയിൽ നിന്ന് അഭയം തേടിയ ജൂത സമൂഹത്തെയും തിരഞ്ഞുപിടിച്ച് കോൺസൺട്രേഷൻ ക്യാമ്പുകളിലും ഗ്യാസ് ചേംബറുകളിലും പാർപ്പിച്ച് കൊന്നടുക്കുകയും ചെയ്തു.
ഹിറ്റ്ലറിന്റെ ക്രൂര ഭരണത്തെക്കുറിച്ച് ആൻഫ്രാങ്ക് പോലെയുള്ള പലരുടെയും ഡയറികളും, കുറിപ്പുകളുമെല്ലാം പിന്നീട് വളരെയേറെ പ്രശസ്തിയാർജ്ജിച്ചു.