ജിദ്ദ: ജംഇയ്യത്തു ഖൈറുക്കും തഹ്‌ഫീളുൽ ഖുർആനിന്റെ കീഴിൽ ലൈസൻസോടുകൂടി പെൺകുട്ടികൾക്കായുള്ള ഖുർആൻ ഹിഫ്‌ള് കോഴ്‌സിന്റെ ആദ്യ ബാച്ച് സെപ്റ്റംബർ 15, തിങ്കളാഴ്ച ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രണ്ട് വർഷം കൊണ്ട് ഖുർആൻ പൂർണമായി മനപ്പാഠമാക്കുന്നതിനാണ് കോഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ ഫുൾ ടൈം ക്ലാസുകൾ നടക്കും. പ്രഗത്ഭരായ അധ്യാപികമാരുടെ മേൽനോട്ടത്തിൽ, സ്മാർട്ട് ക്ലാസ് റൂമുകളുടെ സഹായത്തോടെ ശാസ്ത്രീയ രീതിയിൽ ക്ലാസുകൾ സംഘടിപ്പിക്കും.
ഖുർആൻ പഠനത്തോടൊപ്പം ഇസ്ലാമിക വിഷയങ്ങളിൽ അവഗാഹം, ഖുർആനിന്റെ ആശയങ്ങളും വ്യാഖ്യാനങ്ങളും മനസ്സിലാക്കൽ, തജ്‌വീദോടുകൂടിയ പാരായണം, മനപ്പാഠമാക്കൽ, മുറാജഅ എന്നിവ ഉൾപ്പെടുത്തിയാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജംഇയ്യത്തു ഖൈറുക്കും തഹ്‌ഫീളുൽ ഖുർആനിന്റെ അംഗീകാരത്തോടെ, ദാറു ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയയുടെ സൗദി അംഗീകൃത പരീക്ഷകളും സർട്ടിഫിക്കറ്റുകളും വിദ്യാർഥിനികൾക്ക് ലഭിക്കും.
ഈ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു. രജിസ്‌ട്രേഷനായി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ വെബ്‌സൈറ്റ് www.islahicenter.org സന്ദർശിക്കുക.