ജിദ്ദ– സൗദി സമ്മർ 2025 പ്രോഗ്രാം വൻ വിജയമെന്ന് ടൂറിസം മന്ത്രാലയം. പരിപാടിയുടെ സമയത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള ആഭ്യന്ത വിനോദ സഞ്ചാരികളുടെ എണ്ണം 3 കോടി കടന്നതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 26 ശതമാനം വളർച്ചയാണ് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. വിനോദ സഞ്ചാരികളുടെ ധനവിനിയോഗത്തിലും 15 ശതമാനം വളർച്ച രേഖപ്പെടുത്തി. മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ അസീറിൽ 49 ശതമാനമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
2025 ജൂണിലാണ് പൊതു, സ്വകാര്യ മേഖലകളുമായി ചേർന്ന് സൗദി ടൂറിസം മന്ത്രാലയം ‘നിങ്ങളുടെ വേനൽക്കാലത്തിന് നിറം’ നൽകുക എന്ന ശീർഷകത്തിന് സൗദി സമ്മർ 2025 പ്രോഗ്രാമിന് സമാരംഭം കുറിച്ചത്. ജിദ്ദയിലെയും ചെങ്കടലിലെയും സമുദ്ര ലക്ഷ്യസ്ഥാനങ്ങൾ, തായിഫ്, അൽബാഹ, അസീർ എന്നിവിടങ്ങളിലെ പർവതപ്രദേശങ്ങൾ, ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ്, ജിദ്ദ സീസൺ, അസീർ സീസൺ തുടങ്ങിയ പരിപാടികൾ ഉൾപ്പെടെ ആറ് വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സൗദി സമ്മർ പ്രോഗ്രാമിലൂടെ ലക്ഷ്യമിട്ടത്.
ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം മന്ത്രാലയം നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വരാനിരിക്കുന്ന ശൈത്യകാലത്തിനായി ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി ആഗോള പരിപാടികളും നൂതന ടൂറിസം ഉൽപ്പന്നങ്ങളും വിന്റർ സീസണിൽ ഉൾപ്പെടുത്തും.