ദോഹ- ഖത്തറിനെതിരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ നിലപാട് സ്വീകരിക്കാനായി അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍ ദോഹയില്‍ ചേരുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹിമാന്‍ അല്‍താനി.
ഇസ്രായിലിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് യോഗം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. അതേസമയം, ഈ വിഷയത്തിലെ സമീപനവും നിലപാടും എന്താകണമെന്ന് നിലപാടെടുക്കാന്‍ മറ്റു രാജ്യങ്ങളോട് ഖത്തര്‍ ആവശ്യപ്പെടില്ല. നെതന്യാഹുവിനെപ്പോലുള്ള ഒരാളുടെ ഭീഷണിയെ തങ്ങള്‍ വകവെക്കുന്നില്ല. ബന്ദികളുടെ കൂടി പ്രതീക്ഷ തല്ലിക്കെടുത്തുകയാണ് അയാള്‍ ചെയ്തത്. ആക്രമണം നടന്ന ദിവസം കാലത്ത് ബന്ദികളിലെ ഒരു കുടുംബാംഗത്തെ താന്‍ കണ്ടിരുന്നു. മധ്യസ്ഥ ചര്‍ച്ചകളിലായിരുന്നു അവര്‍ക്ക് പ്രതീക്ഷ. എന്നാല്‍ എല്ലാ പ്രതീക്ഷയും നെതന്യാഹു ഇല്ലാതാക്കുകയാണ്, എന്നിട്ടാണ് നിയമത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേല്‍ ആക്രമണത്തില്‍ ഗള്‍ഫ് അറബ് പ്രാദേശിക തലത്തില്‍ ‘സംയുക്ത പ്രതികരണം’ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മധ്യപൂര്‍വ്വ ദേശത്തിനും മേഖലക്ക് ഒന്നാകേയും സ്ഥിരതയും സമാധാനവും നല്‍കാനുള്ള എല്ലാ സാധ്യതകളും നെതന്യാഹു തകര്‍ക്കുകയാണ്. അതേസമയം, ഖത്തറിന്റെ മധ്യസ്ഥ പ്രവര്‍ത്തങ്ങളും ഹമാസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളും അമേരിക്കക്കും ഇസ്രായേലിനും കൃത്യമായി അറിയാമായിരുന്നു. ഒന്നും ഒളിച്ചുവെച്ച കാര്യങ്ങളല്ല. ഭാവിയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ ഖത്തറിന്റെ പങ്കാളിത്തം പുനഃപരിശോധിക്കും. അക്കാര്യം അമേരിക്കയുമായി വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
അതിനിടെ ഖത്തറിലെ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍, സുരക്ഷാ കൗണ്‍സില്‍ എന്നിവര്‍ക്ക് ഔദ്യോഗിക സന്ദേശം ഖത്തര്‍ കൈമാറി. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗങ്ങള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയത്തിനുനേരെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തെപ്പറ്റിയാണ് ഖത്തര്‍ ഔദ്യോഗികമായി സന്ദേശം കൈമാറിയതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റും ഐക്യരാഷ്ട്രസഭയിലേക്കുള്ള കൊറിയയുടെ സ്ഥിരം ദൗത്യത്തിലെ ചുമതല വഹിക്കുന്ന സാങ്ജിന്‍ കിം എന്നിവര്‍ക്കാണ് എസ് /2025/563 എന്ന നമ്പറിലുള്ള സന്ദേശം ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് കൈമാറിയത്.
ഇത്തരം ആക്രമണങ്ങള്‍ ഖത്തര്‍ സ്വദേശികളുടേയും താമസക്കാരുടേയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്. ഇസ്രായേലിന്റെ നടപടി അശ്രദ്ധമായ പെരുമാറ്റം മാത്രമല്ല, ക്രിമിനല്‍ കുറ്റകൃത്യം കൂടിയാണ്. ഇസ്രയേലിന്റെ ആക്രമണം ഭീരുത്വം നിറഞ്ഞതും പ്രാദേശിക സുരക്ഷക്ക് ഭീഷണിയും എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനവുമാണ്. തങ്ങളുടെ സുരക്ഷയെയും പരമാധികാരത്തെയും ലക്ഷ്യം വച്ചുള്ള ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് സന്ദേശത്തില്‍ ഖത്തര്‍ വ്യക്തമാക്കി. ആക്രമണമുണ്ടായ ഉടന്‍ സുരക്ഷാ, സിവില്‍ ഡിഫന്‍സ്, ബന്ധപ്പെട്ട അധികാരികള്‍ എന്നിവര്‍ പ്രതികരിച്ചതിനാല്‍ കൂടുതല്‍ പ്രതിസന്ധികളില്‍ നിന്ന് ഒഴിവാകാനായി. താമസക്കാരുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. നടന്ന സംഭവങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. അവയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് കൈമാറും- സന്ദേശത്തില്‍ പറഞ്ഞു. തങ്ങളുടെ കത്ത് സുരക്ഷാ കൗണ്‍സിലിലെ അംഗങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും കൗണ്‍സിലിന്റെ ഔദ്യോഗിക രേഖയായി പുറത്തിറക്കണമെന്നും ഖത്തര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
നേരത്തെ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് ഖത്തറിന് അമേരിക്ക മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന പ്രസ്താവനകള്‍ ഖത്തര്‍ നിഷേധിക്കുകയുണ്ടായി. ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍അന്‍സാരി സമൂഹമാധ്യമമായ എക്സിലും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്‌മാന്‍ അല്‍താനി പ്രസ്താവനയിലും മുന്‍കൂര്‍ അറിയിപ്പ് പ്രചാരണം തള്ളിയിരുന്നു. ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് യുഎസ് മുന്നറിയിപ്പ് നല്‍കിയത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ പാര്‍പ്പിട സമുച്ചയകേന്ദ്രത്തില്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു അവകാശവാദം വൈറ്റ് ഹൗസ് ഉന്നയിച്ചത്.
ആക്രമണത്തെക്കുറിച്ച് ഖത്തറിന് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചിരുന്നുവെന്ന പ്രചരിക്കുന്ന പ്രസ്താവനകള്‍ വ്യാജമാണ്. സ്ഫോടന ശബ്ദം കേള്‍ക്കുന്ന സമയത്താണ് അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ ഫോണ്‍ കോള്‍ ലഭിച്ചതെന്നും ഇരുവരും വ്യക്തമാക്കുകയുണ്ടായി.