കൂട്ടിലങ്ങാടി– മുസ്ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും സമസ്‌തയുടെയും സജീവ പ്രവർത്തകനായിരുന്ന പാലോളി സൈനുദ്ദീന്റെ വിയോഗത്തിൽ വേദനയോടെ നാട്. ഏറെക്കാലം പ്രവാസിയായിരുന്ന സൈനുദ്ദീൻ മക്ക കെ.എം. സി.സി സെക്രട്ടറി, ട്രഷറർ, മക്ക ഇസ്ലാമിക് സെന്റർ സ്ഥാപക നേതാവ്, സെക്രട്ടറി ഒക്കെയായി പ്രവർത്തിച്ചിട്ടുണ്ട്. ഇതുകൂടാതെ, പെരിങ്ങോട്ടുപുലം മഹല്ല് സെക്രട്ടറി, വാർഡ് മുസ്ലിം ലീഗ്, ശിഹാബ് തങ്ങൾ റിലീഫ് സെൽ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മത രാഷ്ടീയ സാമുഹ്യ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. നിലവിൽ എക്സ് മക്ക കെ.എം.സി.സി പ്രവർത്തക കൂട്ടായ്‌മ സെക്രട്ടറിയായിരുന്നു പാലോളി സൈനുദ്ദീൻ.
നാടിൻറെ വികസനത്തിലും പാലോളി സൈനുദ്ദീന്റെ കയ്യൊപ്പ് വളരെ വലുതാണ്. വിവിധ മത സ്ഥാപങ്ങളുടെ പുരോഗതിക്കായും മുന്നിൽ നിന്ന് പ്രവർത്തിച്ച അദ്ദേഹം ജാതി മത ഭേദമന്യേ പാവങ്ങളുടെ തണലായിരുന്നു. പെരിങ്ങോട്ടുപുലം ജുമാ മസ്‌ജിദ്, മദ്രസ എന്നിവയുടെ പുനർ നിർമ്മാണത്തിലും അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.
പാണക്കാട് കുടുംബവുമായി ഏറെ അടുപ്പം വെച്ചുപോന്നിരുന്ന വ്യക്തി കൂടിയായിരുന്ന അദ്ദേഹം ഹജ്ജ് വേളയിൽ ഹാജിമാർക്ക് സഹായമായി എന്നും ഉണ്ടായിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ ആജീവനാന്ത വരിക്കാരൻ കൂടിയായിരുന്നു പാലോളി സൈനുദ്ദീൻ.
കുറച്ച് മാസങ്ങളായി അദ്ദേഹം രോഗബാധിതനായിട്ട്. ഒരാഴ്ചയായി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പെരിങ്ങോട്ടുപുലം ജുമാ മസ്ജിദിൽ ജനാസ നമസ്കാരത്തിനുശേഷം ഖബറടക്കം നടത്തി. രണ്ട് തവണയായി വൻ ജനാവലിയോടെയായിരുന്നു ജനാസ നമസ്കാരം.
മരണ വിവരമറിഞ്ഞ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ തുടങ്ങിയവരും മറ്റു മുതിർന്ന നേതാക്കളും അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ വീട്ടിലെത്തി.