ജിദ്ദ: റിയാദിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ മോചിപ്പിക്കുന്നതിനുള്ള മോചനദ്രവ്യം സംഘടിപ്പിക്കാനുള്ള പോരാട്ടത്തിന് കരുത്തുപകർന്ന മൊബൈൽ ആപ്പ് ഡവലപ് ചെയ്തത് മലപ്പുറത്തെ മൂന്നു യുവാക്കൾ.2014-ലെ ബി.ടെക് ബാച്ച് പാസൗട്ട് സംഘമാണ് അബ്ദുൽ റഹീമിനെ മരണത്തിൽനിന്ന് ജീവിതത്തിന്റെ തീരത്തേക്ക് എത്തിക്കാനുള്ള ഉദ്യമത്തിലെ പണപ്പിരിവിന് നേതൃത്വം നൽകിയത്.
ആനക്കയം സ്വദേശി ചെറുകപ്പള്ളി ഹാഷിം, കിഴിശേരി പേരാപ്പുറത്ത് ഷുഹൈബ്, ഒതുക്കുങ്ങൽ തട്ടാരത്തൊടി അശ്ഹർ എന്നിവർ ഡവലപ് ചെയ്ത ആപ്പ്, പണപ്പിരിവ് സുതാര്യവും വേഗത്തിലുമാക്കി. ആപ്പ് പുറത്തിറങ്ങുന്നത് വരെ റഹീമിന്റെ മോചനത്തിന് ആവശ്യമായ തുക എത്തിയിരുന്നത് വളരെ പതുക്കെയായിരുന്നു. ഗൂഗിൾ പേ വഴിയുള്ള പിരിവിന് ഏറെ പരിമിതികളുണ്ടായിരുന്നു. ഈ സഹചര്യത്തിലാണ് റഹീമിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന റഹീം നിയമസഹായ സമിതി സ്പൈൻ കോഡ്സ് എന്ന ഐ.ടി സ്ഥാപനത്തെ സമീപിച്ചത്. നേരത്തെ മുസ്ലിം ലീഗിന്റെ ദേശീയ കമ്മിറ്റി ഓഫീസിന് വേണ്ടി 28 കോടി രൂപ പിരിച്ചെടുത്തത് സ്പൈൻ കോഡ്സ് ഡെവലപ് ചെയ്ത ആപ്പ് വഴിയായിരുന്നു. കെ.പി.സി.സിയുടെ 138 രൂപ ചലഞ്ച്, മുസ്ലിം ലീഗിന്റെ തന്നെ ഹദിയ ഫണ്ട്, ദോത്തി ചലഞ്ച് എന്നിവയെല്ലാം സ്പൈൻ കോഡ്സ് ആപ്പ് വഴിയായിരുന്നു.
ഫെബ്രുവരി അവസാനത്തോടെയാണ് റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ആപ്പിന് വേണ്ടി സമീപിച്ചത്. അധികം വൈകാതെ ആപ്പ് ഡെവലപ്പ് ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച(ഇന്നലെ) യാണ് ആപ്പിലേക്ക് കൂടുതൽ തുക ഒഴുകിയെത്തി മോചനത്തിന് ആവശ്യമായ മുഴുവൻ തുകയും സമാഹരിച്ചത്.
ഹാഷിമും ആഷറും ഷുഹൈബും 2017 മുതലാണ് മലപ്പുറം കേന്ദ്രീകരിച്ച് ഐ.ടി സ്ഥാപനം തുടങ്ങിയത്. മൂന്നു പേരെ നിയമിച്ച് തുടങ്ങിയ സ്ഥാപനത്തിൽ നിലവിൽ എഴുപതോളം പേർ ജീവനക്കാരായുണ്ട്.
പഠനം പൂർത്തിയാക്കിയ ഉടൻ അശ്ഹറിന് യു.എ.ഇ ടെലികമ്യൂണിക്കേഷനിൽ എൻജിനീയറായി ജോലി ലഭിച്ചിരുന്നു. ഹാഷിം ജിയോ യിൽ എൻജിനീയറായും ജോലിയിൽ പ്രവേശിച്ചു. ഷുഹൈബ് സുൽസർ കമ്പനിയിൽ ഷട്ട്ഡൗൺ ചുമതലയും വഹിച്ചു.
2017-ൽ യു.എ.ഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ അശ്ഹർ പിന്നീട് തിരിച്ചുപോയില്ല. മറ്റു രണ്ടുപേരെയും കൂട്ടി സോഫ്റ്റ് വെയർ കമ്പനി സ്ഥാപിച്ചു. തുടക്കത്തിൽ അശ്ഹറിന്റെ വീട്ടിലെ ഓഫീസ് മുറിയിലിരുന്നാണ് ജോലി ചെയ്തത്. പിന്നീട് ഓഫീസ് മലപ്പുറത്തേക്ക് മാറ്റി. ആ സ്ഥാപനമാണ് നിലവിൽ പടർന്നു പന്തലിച്ചതും കനിവിന്റെ പെരുമഴ പ്രളയം തീർത്തതും. പെരിന്തൽമണ്ണയിൽ ന്യൂറോബോട്ട് എന്ന സ്ഥാപനവും ഇവരുടേതായുണ്ട്.
വിജയത്തിലേക്കുള്ള യാത്രയിൽ ലീഗ് നേതാവ് മഞ്ഞളാംകുഴി അലി നൽകിയ പിന്തുണയും ഇവർ സ്മരിക്കുന്നു. മഞ്ഞളാംകുഴി അലിയാണ് ഇവർക്ക് ക്രൗഡ് ഫണ്ടിംഗിനുള്ള ആദ്യത്തെ പ്രൊജക്ട് നൽകിയത്. ലീഗിന്റെ ഹദിയ ഫണ്ട് ആയിരുന്നു അത്. പിന്നീട് സി.എച്ച് സെന്റർ ഫണ്ട്, തണൽ ചാരിറ്റി, അഖിലേന്ത്യ യൂത്ത് കോൺഗ്രസിനുള്ള ഫണ്ട് എന്നിവയെല്ലാം ഏറ്റെടുത്തു. എല്ലാം വിജയിക്കുകയും ചെയ്തു. മുസ്ലിം ലീഗിന്റെ ദേശീയ കമ്മിറ്റി ഓഫീസിന് വേണ്ടിയുള്ള 28 കോടിയാണ് ഇതേവരെ പിരിച്ചെടുത്തതിൽ ഏറ്റവും വലിയ തുക. റഹീം സഹായ ഫണ്ട് 34 കോടി ആയതോടെ ലീഗിന് വേണ്ടി പിരിച്ചെടുത്ത തുകയുടെ റെക്കോർഡ് പഴങ്കഥയായി.
ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് റഹീമിന്റെ മോചനത്തിന് വേണ്ടി ആപ് ഡെവലപ് ചെയ്തതും തുടർപ്രവർത്തനങ്ങൾ നടത്തിയതും. തുക നൽകിയ ആൾക്ക് ഏറ്റവും സുതാര്യമായി വിവരങ്ങൾ ലഭ്യമാകുക എന്നതാണ് ഈ ആപ്പിന്റെ പ്രധാന പ്രത്യേകത.
റഹീമിന്റ മോചനത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിൽ പങ്കാളികളാകാൻ സാധിച്ചത് തങ്ങളുടെ സ്ഥാപനത്തിനുള്ള ഭാഗ്യവും അനുഗ്രഹവുമാണെന്ന് അശ്ഹർ ദ മലയാളം ന്യൂസിനോട് പറഞ്ഞു.