ന്യൂദല്‍ഹി – ഉത്തരേന്ത്യയില്‍ തിരിച്ചടിയുണ്ടാകുമെന്ന സര്‍വ്വേ റിപ്പോര്‍ട്ടില്‍ ഞെട്ടി ബി ജെ പി കേന്ദ്ര നേതൃത്വം. ലോകസഭയിലേക്ക് 400 സീറ്റിന് മുകളില്‍ കിട്ടുമെന്ന അവകാശവാദം ഉയര്‍ത്തുന്നതിനിടെയാണ് ബി ജെ പിയെ ഭയപ്പെടുത്തി വിവിധ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ബി ജെ പി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചില സംസ്ഥാനങ്ങളില്‍ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.
എല്ലാ മതങ്ങള്‍ക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കല്‍പത്തിനൊപ്പം ആണ് ഈ രാജ്യത്തെ ജനങ്ങളുടെ മനസും എന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സി എസ് ഡി എസ് നടത്തിയ സര്‍വേ ഫലം. ഇതില്‍ പങ്കെടുത്ത 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പം നിന്നു. എല്ലാ പൊതു തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പും ശേഷവും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റി നടത്തുന്ന സി എസ് ഡി സി-ലോക്നീതി സര്‍വേകള്‍ രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളില്‍ ഒന്നാണ്.
രാജസ്ഥാനിലും ഹരിയാനയിലുമായി 10 സീറ്റുകള്‍ കുറയുമെന്നാണ് വിനിധ സര്‍വേകളുടെ ഫലം. ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ജനവികാരമുണ്ടെന്നാണ് രണ്ട് സര്‍വേകളിലുള്ളത്. ഹരിയാനയിലെ സിര്‍സ, റോത്തക്, ഹിസാര്‍, കര്‍ണാല്‍, സോനേപ്പത്ത് എന്നീ മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്കെതിരെ ജനവികാരമുണ്ട്. രാജസ്ഥാനിലെ ചുരു, ബാര്‍മര്‍,ടോങ്ക്, ദൗസ, നഗൗര്‍, കരൗളി എന്നീ മണ്ഡലങ്ങളിലും സമാന അവസ്ഥയാണെന്ന് സര്‍വേയില്‍ പറയുന്നു.
ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് ബി ജെ പി നേതൃത്വം ശ്രമിക്കുന്നത്. പ്രാദേശിക വിഷയങ്ങളിലേക്ക് ചര്‍ച്ച പോകുന്നത് ഒഴിവാക്കണമെന്നും ദേശീയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ബി ജെ പി നേതൃത്വം പ്രാദേശിക ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.