ദോഹ – ലോകകപ്പ് പ്ലേ ഓഫിനു മുന്നോടിയായി നടന്ന അവസാന സൗഹൃദ മത്സരത്തിൽ വമ്പൻ പരാജയം ഏറ്റുവാങ്ങി ഖത്തർ. റഷ്യയുമായി ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അറേബ്യൻ ശക്തരായ ഖത്തർ പരാജയപ്പെട്ടത്. മത്സരത്തിൽ ഉടനീളം ആധിപത്യം സ്ഥാപിച്ചിരുന്നതും റഷ്യ തന്നെയായിരുന്നു.
അലെക്സാണ്ടർ ഗൊലോവിൻ (33-ാം മിനുറ്റ്), അലക്സെയേവിച്ച് കിസ്ലിയാക് (35), ഇവാൻ സെർജിയേവ് ( 45+1) എന്നിവരിലൂടെ ആദ്യ പകുതിയിൽ തന്നെ റഷ്യ മൂന്നു ഗോളുകൾക്കു മുന്നിലെത്തി.
62-ാം മിനുറ്റിൽ അക്രം അഫീഫ് ഒരു ഗോൾ മടക്കി ഖത്തർ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ നൽകി. എന്നാൽ ഏഴു മിനുറ്റുകൾക്ക് ശേഷം ആൻഡ്രേവിച്ച് മിറാൻചുക്കും കൂടി ഖത്തർ വലയിലേക്ക് പന്ത് എത്തിച്ചതോടെ ഖത്തർ ടീമിന്റെ പ്രതീക്ഷകൾ എല്ലാം തകർന്നു തരിപ്പണമായി.
അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതയ്ക്ക് മുന്നോടിയായി നടന്ന മത്സരത്തിലെ ഈ തോൽവി ഖത്തറിന് ഏറെ തിരിച്ചടിയാണ്. അതിനാൽ തന്നെ ഖത്തർ ടീം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്.