ദുബൈ– അപൂർവമായ ഒരു ആകാശ വിസ്മയത്തിനാണ് ഇന്ന് യുഎഇ സാക്ഷ്യം വഹിക്കുന്നത്. യുഎഇയിലുടനീളമുള്ള നിവാസികളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളും സെപ്റ്റംബർ 7ലെ ബ്ലഡ് മൂണിനായി കാത്തിരിക്കുകയാണ്, എമിറേറ്റ്‌സിലെ നക്ഷത്ര നിരീക്ഷകർക്ക് 82 മിനുറ്റ് നീണ്ടുനിൽക്കുന്ന പൂർണ്ണ ചന്ദ്രഗ്രഹണം കാണാൻ കഴിയുന്ന ഒരു അപൂർവ സംഭവമാണിത്.
യുഎഇലെ ജനങ്ങൾക്ക് ഏകദേശം അഞ്ചര മണിക്കൂർ നേരം ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ കാണാൻ കഴിയും. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ നേരിട്ട് കടന്നുപോകുമ്പോളാണ് ചന്ദ്രൻ ചുവപ്പ് നിറമായി മാറുന്നത്, ഇതിന് കാരണം ചന്ദ്രോപരിതലത്തിൽ ഭൂമിയുടെ നിഴൽ പതിക്കുന്നതാണ്, ഈ പ്രതിഭാസത്തെയാണ്’ബ്ലഡ് മൂൺ’ എന്ന പേരിൽ അറിയപ്പെടുന്നത്.
ഗ്രഹണത്തിന്റെ പൂർണ്ണ ഘട്ടം രാത്രി 9.30 മുതൽ 10.52 വരെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. തെളിഞ്ഞ ആകാശമുള്ള ഏത് സ്ഥലത്തും ബ്ലഡ് മൂൺ വ്യക്തമായി കാണാൻ സാധിക്കും. നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ഗ്രഹണം സുരക്ഷിതമായി കാണാമെങ്കിലും ടെലെസ്കോപ്പിലൂടെയുള്ള നോക്കിയാൽ ചന്ദ്രോപരിതലം കൂടുതൽ ചുവപ്പ് നിറത്തിൽ കാണാം.
ഗ്രഹണം കാണാൻ ഷാർജയിലെ മലീഹ ആർക്കിയോളജിക്കൽ സെന്ററിൽ പ്രത്യേക സംവിധാനധങ്ങൾ ഒരുക്കിയിട്ടുണ്ട്. സംപ്രേഷണം വൈകിട്ട് 7.30 മുതൽ രാത്രി 11.50 വരെയുണ്ടാകും.