തിരൂർ – പിറക്കും മുൻപേ മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ നവജാതശിശുവിൻ്റെ ജീവൻ്റെ തുടിപ്പ് തിരിച്ചറിഞ്ഞ് നഴ്സ്. തിരൂർ തലക്കടത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈ അപൂർവ്വ പുനർജന്മം. മരണത്തിന്റെ തണുപ്പിൽനിന്ന് ഒരു ആശുപത്രി സംവിധാനമൊന്നാകെ കൈകോർത്ത് കുഞ്ഞിന് ജീവിതം തിരികെ നൽകി.
രക്തസ്രാവത്തെ തുടർന്നാണ് പൂർണ്ണ ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന് ജീവനില്ലെന്ന് നേരത്തെ പരിശോധിച്ച ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിരുന്നു. തിരൂർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ
പ്രസവ സമയമാകുന്നതുവരെ വിശ്രമിക്കാനാണ് അവർ നിർദ്ദേശിച്ചത്. ഇതിനിടെ രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതിയെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബ്രീച്ച് പൊസിഷനിലായിരുന്ന കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയ നിലയിലായിരുന്നു. ഡോക്ടർമാരുടെ മേൽനോട്ടത്തിൽ സാധാരണ പ്രസവം നടന്നു.
ദേഹമാസകലം നീലനിറമുള്ള കുഞ്ഞിന് ജീവനില്ലെന്ന് നേരത്തെ അറിയാമായിരുന്നതിനാൽ പുറത്തുള്ളവർക്ക് കൈമാറാനായി നഴ്സുമാരെ ഏൽപ്പിച്ചു. എന്നാൽ, കുഞ്ഞിനെ പൊതിഞ്ഞ് കൈമാറാൻ എത്തിയ നഴ്സ് കെ.എം. ഗീത കുഞ്ഞിന്റെ പൊക്കിൾക്കൊടിയിൽ ജീവന്റെ നേരിയ മിടിപ്പ് തിരിച്ചറിഞ്ഞു.
ഉടൻതന്നെ അവർ സിപിആർ നൽകി. പല ശ്രമങ്ങൾക്കൊടുവിൽ കുഞ്ഞ് ശ്വാസമെടുക്കുകയും കരയുകയും ചെയ്തു. വിവരം അറിഞ്ഞ ഉടൻ ഡോക്ടർമാർ ഓടിയെത്തി. പിന്നീട് ഒന്നര മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ കുഞ്ഞ് സാധാരണ നിലയിലായി. തുടർ ചികിത്സകൾക്കായി കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.