- ആകെ വിദേശ തൊഴിലാളികള്‍ 11.97 ദശലക്ഷം
ജിദ്ദ – വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി സൗദിയില്‍ ആദ്യമായി ഗാര്‍ഹിക തൊഴിലാളികളില്‍ ഹൗസ് ഡ്രൈവര്‍മാരെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. ഒന്നാം സ്ഥാനത്ത് വേലക്കാരും ശുചീകരണ തൊഴിലാളികളുമാണ്. രാജ്യത്ത് 2018 ല്‍ ആണ് വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തില്‍ വന്നത്. രണ്ടു വര്‍ഷത്തിനിടെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ അഞ്ചര ലക്ഷത്തിലേറെ പേരുടെ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തു.
ഗാര്‍ഹിക തൊഴിലാളികളില്‍ വേലക്കാരും ശുചീകരണ തൊഴിലാളികളും 50 ശതമാനമായി ഉയര്‍ന്നു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെയും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് വീടുകളില്‍ ജോലി ചെയ്യുന്ന 19.2 ലക്ഷം വേലക്കാരും ശുചീകരണ തൊഴിലാളികളുമുണ്ട്. ഗാര്‍ഹിക തൊഴിലാളികളില്‍ വേലക്കാരും ശുചീകരണ തൊഴിലാളികളും 50 ശതമാനമായി ഉയര്‍ന്നു. 2018 ല്‍ ഈ വിഭാഗം തൊഴിലാളികള്‍ 45 ശതമാനം (11.1 ലക്ഷം) ആയിരുന്നു.
2018 ജൂണിലാണ് സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നിലവില്‍വന്നത്. ഇതോടെ ലോകത്ത് വനിതകള്‍ക്ക് ഡ്രൈവിംഗ് വിലക്കുള്ള ഏക രാജ്യം എന്ന ദുഷ്‌കീര്‍ത്തിയില്‍ നിന്ന് സൗദി അറേബ്യ പുറത്തുകടന്നു. വാഹനമോടിക്കുന്ന സൗദി വനിതകളുടെ എണ്ണം വര്‍ധിച്ചത് ഹൗസ് ഡ്രൈവര്‍മാര്‍ക്കുള്ള ആവശ്യം കുറച്ചു. ഇത് ഗാര്‍ഹിക തൊഴിലാളികളില്‍ ഹൗസ് ഡ്രൈവര്‍മാരുടെ അനുപാതം കുറയാന്‍ ഇടയാക്കി.
കഴിഞ്ഞ കൊല്ലം ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 6.2 ശതമാനം തോതില്‍ വര്‍ധിച്ച് 38.3 ലക്ഷത്തോളമായി. ഇക്കൂട്ടത്തില്‍ 154 പേര്‍ വനിതാ ഹൗസ് ഡ്രൈവര്‍മാരാണ്. 2022 അവസാനിത്തില്‍ വീട്ടുവേലക്കാര്‍ 36 ലക്ഷത്തോളമായിരുന്നു. കഴിഞ്ഞ കൊല്ലം ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 2,24,000 ഓളം പേരുടെ വര്‍ധന രേഖപ്പെടുത്തി. 2022 ല്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 3,44,000 പേരുടെ വര്‍ധനയുണ്ടായിരുന്നു.
കഴിഞ്ഞ കൊല്ലം വേലക്കാരുടെയും ശുചീകരണ തൊഴിലാളികളുടെയും എണ്ണത്തിലാണ് കാര്യമായ വര്‍ധനയുണ്ടായത്. ഒരു വര്‍ഷത്തിനിടെ ഈ വിഭാഗത്തില്‍ പെട്ട തൊഴിലാളികളുടെ എണ്ണത്തില്‍ 1,89,000 പേരുടെ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയിലെ ആകെ വിദേശ തൊഴിലാളികളില്‍ മൂന്നിലൊന്നോളം (32 ശതമാനം) ഗാര്‍ഹിക തൊഴിലാളികളാണ്. സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാരും ഗാര്‍ഹിക തൊഴിലാളികളും അടക്കം 11.97 ദശലക്ഷം വിദേശ തൊഴിലാളികളാണ് രാജ്യത്തുള്ളത്. ഹോം മാനേജര്‍മാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, വേലക്കാര്‍-ശുചീകരണ തൊഴിലാളികള്‍, പാചകക്കാര്‍-സപ്ലയര്‍മാര്‍, ഗാര്‍ഡുമാര്‍ (ഹാരിസുമാര്‍), വീടുകളിലെ തോട്ടം തൊഴിലാളികള്‍, ടൈലര്‍മാര്‍, ഹോം നഴ്‌സുമാര്‍, സ്വകാര്യ ടൂഷന്‍ അധ്യാപകര്‍-ആയമാര്‍ എന്നീ ഒമ്പതു വിഭാഗം തൊഴിലാളികള്‍ ഗാര്‍ഹിക തൊഴിലാളികളില്‍ ഉള്‍പ്പെടുന്നു. 2018 ല്‍ 24.5 ലക്ഷവും 2019 ല്‍ 36.9 ലക്ഷവും 2020 ല്‍ 36.6 ലക്ഷവും 2021 ല്‍ 32.1 ലക്ഷവും 2022 ല്‍ 36 ലക്ഷവും 2023 ല്‍ 38.3 ലക്ഷവും ഗാര്‍ഹിക തൊഴിലാളികളാണ് സൗദിയിലുണ്ടായിരുന്നത്.