ഫുജൈറ– യുഎഇയിലെ ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിലൊരുക്കിയ ഓണാഘോഷം വേറിട്ട കാഴ്ചയായി.
ചരിത്രത്തിൽ ആദ്യമായാണ് യുഎഇയിലെ ഒരു എയർപോർട്ടിൽ ഓണാഘോഷം ഔദ്യോഗികമായി നടത്തുന്നത്.
വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിൽ പൂക്കളമൊരുക്കിയ ജീവനക്കാർ പൂക്കൾക്കൊണ്ട് ഓണാശംസ നേരുകയും ചെയ്താണ് യാത്രക്കാരെ സ്വീകരിക്കുകയും യാത്രയക്കുകയും ചെയ്തത്.
ആഘോഷത്തോടനുബന്ധിച്ച് കൊച്ചി, കോഴിക്കോട്, കണ്ണൂർ, മുംബൈ സെക്ടറിലെ യാത്രക്കാർക്ക് മധുരവും വിതരണം ചെയ്തു.
കൊച്ചി, കോഴിക്കോട്, കണ്ണൂർ, മുംബൈ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് ഫുജൈറയിൽനിന്ന് വിമാന സർവീസ് ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഓണാഘോഷം.
ഫുജൈറ ഇന്റർനാഷനൽ എയർപോർട്ട് ജനറൽ മാനേജർ ക്യാപ്റ്റൻ ഇസ്മയിൽ അൽ ബലൂഷി മലയാളി ഉദ്യോഗസ്ഥർക്കും കേരളത്തിലേക്കുള്ള യാത്രക്കാർക്കും ഓണാശംസകൾ നേർന്നു. ഡപ്യൂട്ടി ജനറൽ മാനേജർ ഇബ്രാഹിം അൽ ഖല്ലാഫ്, ബിസിനസ് ഡെവലപ്മെൻ്റ്മാനേജർ മാർക്ക് ഗോവിന്ദർ, ഫിനാൻസ് മാനേജർ ക്രിസ്റ്റഫർ സുരേഷ്, മാർക്കറ്റിങ് മാനേജർ ജാക്വലിൻ, കൊമേഴ്‌സ്യൽഓഫിസർ മുഹമ്മദ് ഷിനാസ് തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും ആഘോഷത്തിൽ പങ്കെടുത്തു.